ന്യൂഡൽഹി: കർഷകരും സർക്കാരുമായി ചർച്ച നടത്താൻ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയിൽനിന്ന് ഭൂപീന്ദർ സിങ് മാൻ പിൻവാങ്ങി. മുൻ രാജ്യസഭാംഗവും ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റും അഖിലേന്ത്യാ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാനുമാണ് മാൻ.

സുപ്രീംകോടതി നിയോഗിച്ച സമിതിയംഗങ്ങളെല്ലാം കാർഷികനിയമത്തെ പിന്തുണച്ചവരാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സമിതിയിലേക്ക് തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെങ്കിലും ഇപ്പോഴത്തെ ആശങ്കകൾക്കിടയിൽ തുടരാനാഗ്രഹിക്കുന്നില്ലെന്ന് മാൻ പ്രസ്താവനയിൽ വ്യക്തമാക്കി. കർഷകർക്കും പഞ്ചാബിനുമൊപ്പം എന്നും നിലകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.

1990-ൽ വി.പി. സിങ് സർക്കാരാണ് മാനിനെ രാജ്യസഭയിലെത്തിച്ചത്. മാൻ രാജ്യസഭാഗത്വം സ്വീകരിച്ചതിനെത്തുടർന്ന് ഭാരതീയ കിസാൻ യൂണിയൻ പിളർന്നിരുന്നു.

കിസാൻ പരേഡിൽ മാറ്റമില്ല; കർഷകർ രാജ്പഥിലേക്കില്ല

റിപ്പബ്ലിക് ദിനത്തിൽ തികച്ചും സമാധാനപരമായാണ് കിസാൻ പരേഡ് സംഘടിപ്പിക്കുകയെന്ന് കർഷകനേതാക്കൾ വ്യക്തമാക്കി. രാജ്പഥ് ഉൾപ്പെടെ ഡൽഹിയിലെ റോഡുകളിലാണ് ട്രാക്ടർ മാർച്ച് നടക്കുകയെന്ന അഭ്യൂഹവും പ്രചാരണവും നേതാക്കൾ തള്ളി.

സമരം നടക്കുന്ന ഡൽഹി അതിർത്തികൾ കേന്ദ്രീകരിച്ചാണ് പരേഡ് തീരുമാനിച്ചിട്ടുള്ളതെന്നും അത്‌ സമാധാനപരമായിരിക്കുമെന്നും സംയുക്ത കിസാൻ മോർച്ച നേതാവ് ബൽബീർ സിങ് രജേവാൾ വ്യക്തമാക്കി. ദേശസ്നേഹത്തിന്റെ പ്രതീകമാണ് റിപ്പബ്ലിക് ദിനാഘോഷമെന്നും ഔദ്യോഗികമായി ആ ചടങ്ങു പൂർത്തിയായ ശേഷമാണ് കിസാൻ പരേഡ് നടത്താൻ നിശ്ചയിച്ചിട്ടുള്ളതെന്നും കിസാൻ മോർച്ച നേതാവും കിസാൻസഭ ജനറൽ സെക്രട്ടറിയുമായ ഹനൻമൊള്ളയും വ്യക്തമാക്കി.

നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിനുശേഷം കേന്ദ്രവിരുദ്ധപ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടം തുടങ്ങുമെന്നും ഹനൻമൊള്ള അറിയിച്ചു.