ജംഷേദ്പുർ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി അറസ്റ്റിൽ. മലയാളിയായ അബ്ദുൾമജീദ് കുട്ടിയാണ് 24 വർഷത്തിനുശേഷം ജാർഖണ്ഡിലെ ജംഷേദ്പുരിൽ ഗുജറാത്ത് ഭീകരവിരുദ്ധസേനയുടെ പിടിയിലായത്. ഇയാളെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.
ജംഷേദ്‌പുരിൽ അബ്ദുൽ മജീദ് താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. മുഹമ്മദ് കമൽ എന്ന പേരിലാണ് ഇയാൾ ഇവിടെ താമസിച്ചിരുന്നത്. മലയാളിയാണ് ഇയാളെന്ന് ഗുജറാത്ത് ഭീകര വിരുദ്ധസേന വാർത്താ ഏജൻസിയെ അറിയിച്ചെങ്കിലും കേരളത്തിലെവിടെയാണെന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഭീകരാക്രമണങ്ങൾക്കായി രാജ്യത്തേക്ക് സ്ഫോടകവസ്തുക്കൾ എത്തിച്ച കേസിലാണ് ഇയാൾ അന്വേഷണം നേരിടുന്നത്. 1997-ലെ റിപ്പബ്ലിക് ദിനത്തിൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ആക്രമണം നടത്തുന്നതിനായാണ് ഇയാളുടെ നേതൃത്വത്തിൽ സ്ഫോടകവസ്തുക്കൾ എത്തിക്കാൻ ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ ഒളിവിൽ പോവുകയായിരുന്നു. കേസിലെ മറ്റ് പ്രതികളെ മുമ്പ് അറസ്റ്റുചെയ്തിരുന്നു