മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹജാബിന്‍ ശൈഖ് പിതാവിനെ കാണാന്‍ കഴിഞ്ഞവര്‍ഷം മുംബൈയില്‍ വന്നിരുന്നുവെന്ന് ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറുടെ വെളിപ്പെടുത്തല്‍. മെഹജാബിന്‍ എന്നുവിളിക്കുന്ന സുബീന സറിന്‍ പിതാവ് സലീം കാശ്മീരിയെ കാണാനാണ് എത്തിയത്. കുടുംബാംഗങ്ങളെ കണ്ടശേഷം ആരും അറിയാതെ തിരിച്ചുപോെയന്നും കസ്‌കര്‍ മൊഴിനല്‍കി.

ദാവൂദ് പാകിസ്താനിലുണ്ടെന്ന് കഴിഞ്ഞ ദിവസം കസ്‌കര്‍ പോലിസിനോട് പറഞ്ഞിരുന്നു. ദാവൂദിന്റേതെന്ന് കരുതുന്ന പാകിസ്താനിലെ മൂന്നു വിലാസങ്ങളും കസ്‌കര്‍ പോലിസിന് കൈമാറിയിട്ടുണ്ട്.

പോലിസ് ഫോണ്‍ സംഭാഷണം ചോര്‍ത്തുമെന്ന് ഭയപ്പെട്ടാണ് സഹോദരനുമായി സംസാരിക്കാത്തതെന്നും കസ്‌കര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. താനെയില്‍ കെട്ടിടനിര്‍മാതാക്കളെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കസ്‌കര്‍ അറസ്റ്റിലായത്.