മുംബൈ: അധോലോകകുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന്‍ അലിഷ പാര്‍ക്കറുടെ വിവാഹം മുംബൈയില്‍ ബുധനാഴ്ച ആര്‍ഭാടമായി നടന്നു. നഗരത്തിലെ ഒരു വ്യവസായിയുടെ മകളുമായിട്ടായിരുന്നു വിവാഹം. മുസ്!ലിം ആചാരപ്രകാരമാണ് ചടങ്ങുകള്‍ നടന്നത്. ദാവൂദിന്റെ ഇടപെടലുണ്ടാകുമെന്ന സംശയത്തെത്തുടര്‍ന്ന് മുംബൈ പോലീസ് നിരീക്ഷണവലയമൊരുക്കിയിരുന്നു.

നാഗ്പാഡയിലെ ഒരു പള്ളിയില്‍നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെത്തിയിരുന്നു. വിവാഹത്തിന്റെ ചില ദൃശ്യങ്ങളെങ്കിലും ലഭിക്കുമെന്നുകരുതി പള്ളിക്കുപുറത്ത് കുറച്ച് മാധ്യമപ്രവര്‍ത്തകരും കാത്തിരുന്നു. എന്നാല്‍, ഇവരെ ആരെയും ചടങ്ങുകള്‍ കാണാന്‍ കുടുംബാംഗങ്ങള്‍ അനുവദിച്ചില്ല. എന്തൊക്കെയാണ് നടക്കുന്നതെന്നറിയാന്‍ മുംബൈ പോലീസിനും ഇവിടേക്ക് ഒരു കണ്ണുണ്ടായിരുന്നു.

ദാവൂദിന്റെ സഹോദരി അന്തരിച്ച ഹസീന പാര്‍ക്കറുടെയും ഇബ്രാഹിം പാര്‍ക്കറുടെയും മകനാണ് അലിഷ. കാലത്ത് പതിനൊന്നോടെ തുടങ്ങിയ വിവാഹച്ചടങ്ങുകള്‍ ഒന്നരമണിക്കൂര്‍ നീണ്ടുനിന്നു. ദാവൂദിന്റെ എതിരാളികള്‍ ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചേക്കാനുള്ള സാധ്യതയും കണക്കിലെടുത്തിട്ടുണ്ടായിരുന്നു.
 
വൈകിട്ട് നഗരത്തിലെ ഒരു ഹോട്ടലില്‍ വിരുന്നും നടന്നു. ഇതൊക്കെ സ്‌കൈപ് വീഡിയോ കോളിങ് വഴി അമ്മാവനായ ദാവൂദ് ഇബ്രാഹിം കാണുമെന്നാണ് പറയുന്നത്. അലിഷയുടെ മൂത്തസഹോദരന്‍ ഡാനിഷ് 2006-ല്‍ റോഡപകടത്തില്‍ മരിച്ചിരുന്നു. സഹോദരിയായ ഉമൈറയുടെ വിവാഹം കഴിഞ്ഞവര്‍ഷം മെയിലാണ് നടന്നത്.