മുംബൈ: രഹസ്യമായി രാജ്യം വിടാൻ മുംബൈ വിമാനത്താവളത്തിലെത്തിയ ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രൻ റിസ്വാൻ കസ്‌കർ അറസ്റ്റിൽ. ബുധനാഴ്ച രാത്രിയാണ് ഇയാൾ പിടിയിലായത്. ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റെന്ന് പോലീസ് പിന്നീട് പറഞ്ഞു.

ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ മകനാണ് റിസ്വാൻ. റിസ്വാനോടൊപ്പം രണ്ടുപേർ കൂടി അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞദിവസം ദാവൂദിന്റെ അനുയായിയായ ഫാഹിം മച്മചിന്റെ സംഘത്തിലുള്ള അഹമ്മദ് റാസ വധാരിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് റിസ്വാനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. അഹമ്മദ് റാസ അറസ്റ്റിലായതോടെ തന്റെ നിലയും അപകടത്തിലാണെന്ന് മനസ്സിലാക്കിയാണ് റിസ്വാൻ രാജ്യം വിടാൻ തീരുമാനിച്ചത്. അഹമ്മദ് റാസ രാജ്യം വിടാൻ സാധ്യതയുണ്ടെന്നറിഞ്ഞ് പോലീസ് വിമാനത്താവളങ്ങളിലെല്ലാം നേരത്തേതന്നെ വിവരം നൽകിയിരുന്നു. അറസ്റ്റിലായ മൂവരേയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Content highlights: Dawood Ibrahim's nephew arrested, Mumbai