മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് നേപ്പാളിൽ വലിയ താവളമുണ്ടെന്നും അതുവഴിയാണ് ഇന്ത്യയിലേക്ക് അയാൾ കള്ളനോട്ട് കടത്തുന്നതെന്നും പോലീസ്. ദാവൂദിന്റെ അടുത്ത കൂട്ടാളിയായ ഇജാസ് ലക്ടവാലയെ ചോദ്യംചെയ്തതിൽനിന്ന് കിട്ടിയ വിവരമാണിത്.

ദാവൂദ് പാകിസ്താനിൽ കഴിയുന്ന രണ്ടു വീടുകളുടെ മേൽവിലാസവും ലക്ടവാല വെളിപ്പെടുത്തി. ദാവൂദ് ഇപ്പോഴും പാകിസ്താനിലുണ്ടെന്ന് സ്ഥിരീകരിക്കുന്ന വിവരമാണിത്. രണ്ടു വിലാസങ്ങളും ഡിഫൻസ് കോളനിക്കകത്താണ്. പാക് സേനയുടെ സംരക്ഷണയിലാണ് ദാവൂദ് കഴിയുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിമും അടുത്ത കൂട്ടാളി ഛോട്ടാ ഷക്കീലും താമസിക്കുന്നത് ഇതേ കോളനിയിൽത്തന്നെയാണെന്നും ലക്ടവാല പറഞ്ഞു. ജനുവരി എട്ടിനാണ് ബിഹാറിലെ പട്‌നയിൽവെച്ച് ഇജാസ് ലക്ടവാലയെ മുംബൈ പോലീസ് അറസ്റ്റുചെയ്തത്.

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ദാവൂദിന്റെ താവളം. നേപ്പാളിലെ പാക് എംബസിയിലെ ഉദ്യോഗസ്ഥരാണ് ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്താൻ ദാവൂദിനെ സഹായിക്കുന്നതെന്നും ലക്ടവാല പറഞ്ഞു. അഫ്ഗാനിസ്താനിൽനിന്നുള്ള ലഹരിമരുന്ന് കറാച്ചിവഴിയാണ് മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും കടത്തുന്നത്. തായ്‌ലൻഡ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ലഹരിമരുന്നു കടത്തുന്നതിന് വലിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ലക്ടവാല വെളിപ്പെടുത്തി. മുംബൈ പോലീസിനെക്കൂടാതെ മറ്റ് അന്വേഷണ ഏജൻസികളും ലക്ടവാലയെ ചോദ്യംചെയ്തുവരികയാണ്. ദാവുദുമായി തെറ്റിയ ലക്ടവാല കുറച്ചുകാലം ഛോട്ടാ രാജന്റെ സംഘത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് രാജനുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തം സംഘം രൂപവത്കരിച്ച്‌ പ്രവർത്തിച്ചുവരികയായിരുന്നു.

Content Highlights: Dawood Ibrahim Nepal