മുംബൈ: അധോലോകകുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന്റെ വിവാഹം ബുധനാഴ്ച നടക്കും.

അമ്മാവന്‍ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും ആഘോഷപരിപാടികള്‍ സസൂക്ഷ്മം നിരീക്ഷിക്കാനാണ് പോലീസിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും തീരുമാനം. ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുടെയും ഇബ്രാഹിം പാര്‍ക്കറുടെയും മകന്‍ അലിഷാ പാര്‍ക്കറാണ് വരന്‍. മേമന്‍ വിഭാഗത്തില്‍പ്പെട്ട അയിഷാ നഗാനിയാണ് വധു. ബുധനാഴ്ച രാവിലെ നാഗ്പഡയില്‍ നിക്കാഹ് നടക്കും. ജുഹുവിലെ ടുലിപ് സ്റ്റാര്‍ ഹോട്ടലില്‍ വൈകിട്ട് വിവാഹസത്കാരം.

പാകിസ്താനിലുണ്ടെന്ന് കരുതുന്ന ദാവൂദ് ഇബ്രാഹിം ഇന്റര്‍നെറ്റിലെ 'സ്‌കൈപ്' ഉപയോഗിച്ച് വിവാഹം കാണുകയും അകലെനിന്ന് ചടങ്ങില്‍ പങ്കാളിയാവുകയും ചെയ്യുമെന്ന് രഹസ്യവിവരമുണ്ട്. ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറും സഹോദരിമാരും ചടങ്ങില്‍ പങ്കെടുക്കും.

കെട്ടിടനിര്‍മാണ ബിസിനസ് നടത്തുന്ന അലിഷായുടെ പിതാവ് ഇബ്രാഹിമിനെ അരുണ്‍ ഗാവ്‌ലി സംഘം കൊല്ലുകയായിരുന്നു. മാതാവ് ഹസീന പാര്‍ക്കര്‍ കഴിഞ്ഞവര്‍ഷം മരിച്ചു. അലിഷായുടെ സഹോദരന്‍ ഡാനിഷ് കാറപകടത്തില്‍ കൊല്ലപ്പെട്ടു. സഹോദരി ഉമയ്‌റായുടെ കല്യാണം കഴിഞ്ഞവര്‍ഷം നടന്നിരുന്നെങ്കിലും ഹസീനയുടെ മരണത്തിനുപിന്നാലെയായതിനാല്‍ ആഘോഷമൊന്നുമുണ്ടായിരുന്നില്ല.

പത്തുവര്‍ഷം മുമ്പുനടന്ന ദാവൂദിന്റെ മകള്‍ മഹ്‌റൂഖിന്റെ വിവാഹം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പാക് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദിന്റെ മകന്‍ ജുനൈദ് ആയിരുന്നു വരന്‍. ദുബായില്‍ വിവാഹവേളയില്‍ ദാവൂദിനെ വധിക്കാന്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി പദ്ധതി തയ്യാറാക്കിയതായി വാര്‍ത്തയുണ്ടായിരുന്നു.