മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പാകിസ്താനിലെ മൂന്ന് വിലാസങ്ങള്‍ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കര്‍ താനെ പോലീസിനു നല്‍കി.
 
ദാവൂദുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ഏജന്‍സികള്‍ക്ക് ഈ വിലാസങ്ങള്‍ നല്‍കുമെന്ന് താനെ പോലീസ് പറഞ്ഞു. കവര്‍ച്ചക്കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ കസ്‌കറിനെ താനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

'ദാവൂദുമായി സംസാരിച്ചിട്ട് വര്‍ഷങ്ങളായെന്നാണ് കസ്‌കര്‍ അവകാശപ്പെട്ടത്. വീണ്ടും ചോദ്യംചെയ്തപ്പോള്‍, പരസ്​പരം സംസാരിച്ചിരുന്ന കാലത്ത് ദാവൂദ് കഴിഞ്ഞിരുന്ന കറാച്ചിയിലെ രണ്ടുമൂന്നിടങ്ങളുടെ പേര് പറഞ്ഞു'വെന്ന് പോലീസ് പറഞ്ഞു.

1993-ലെ മുംബൈ സ്‌ഫോടനപരമ്പരയിലെ പങ്കിന്റെ പേരില്‍ ദാവൂദിനെ തിരഞ്ഞുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ഇയാള്‍ പാകിസ്താനിലുണ്ടെന്ന ഇന്ത്യയുടെ ആരോപണം ആ രാജ്യം നിഷേധിക്കുകയാണ്.

കവര്‍ച്ചക്കേസില്‍ പങ്കില്ലെന്ന നിലപാടിലാണ് കസ്‌കറെന്ന് പോലീസ് പറഞ്ഞു. പിടിയിലായ മുംതാസ് ഷെയ്ഖ്, ഇസ്‌റാര്‍ അലി സയ്യെദ് എന്നിവര്‍ തന്റെ പേരില്‍ കവര്‍ച്ച നടത്തുകയാണെന്നാണ് കസ്‌കറിന്റെ വാദം.