ന്യൂഡൽഹി: ഭീകരസംഘടനയായ ഐ.എസിൽ ചേരാൻ അഫ്ഗാനിസ്താനിൽപ്പോയി അവിടെ ജയിലിലായ മകളെയും പേരക്കുട്ടിയെയും നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ സുപ്രീംകോടതിയെ സമീപിച്ചു. കാസർകോട് സ്വദേശിനി സോണിയയുടെ (ആയിഷ) അച്ഛൻ വി.ജെ. സെബാസ്റ്റ്യൻ ഫ്രാൻസിസാണ് ഹർജി നൽകിയത്.

അഫ്ഗാനിസ്താൽവെച്ച് ഭർത്താവ് അബ്ദുൾറഷീദ് കൊല്ലപ്പെട്ടതിനെത്തുടർന്ന് കാബൂളിലെ ജയിലിൽ കഴിയുന്ന സോണിയയെയും ഏഴുവയസ്സുള്ള മകളെയും തിരിച്ചെത്തിക്കണമെന്നാണ് ആവശ്യം. ഇവരെ തിരിച്ചെത്തിക്കാൻ സൗകര്യമൊരുക്കാത്ത കേന്ദ്രസർക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഭീകരസംഘടനയിൽച്ചേർന്ന വിദേശവനിതകളോട് മൃദുസമീപനമാണ് അന്താരാഷ്ട്രതലത്തിൽ സ്വീകരിക്കുന്നത്. സ്ത്രീകൾ രാജ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയാവില്ലെന്നതാണു കാരണം.

ഇന്ത്യവിട്ടശേഷം സോണിയയ്ക്കെതിരേ യു.എ.പി.എ. നിയമപ്രകാരം കേസെടുക്കുകയും ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. കത്തോലിക്കാ കുടുംബത്തിൽ ജനിച്ച സോണിയ, എൻജിനീയറിങ് പഠനത്തിനിടെയാണ് അബ്ദുൾറഷീദുമായി അടുപ്പത്തിലായത്. വീട്ടുകാർ ബന്ധത്തെ എതിർത്തപ്പോൾ റഷീദിനൊപ്പം ഒളിച്ചോടി വിവാഹംകഴിക്കുകയായിരുന്നു. തുടർന്നാണ് അഫ്ഗാനിസ്താനിലേക്കു പോയത്. 2019-ലാണ് അഫ്ഗാൻസുരക്ഷാസേനയും നേറ്റോ സൈന്യവും ചേർന്നുള്ള ആക്രമണത്തിൽ റഷീദ് കൊല്ലപ്പെട്ടത്.

സോണിയയുടെ മകൾ ഈ സംഭവത്തിന്റെ ഇരയാണെന്നും ഭീകരവാദിയല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ കുട്ടിയെയും അമ്മയെയും നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്നാണ് അഭിഭാഷകരായ രഞ്ജിത് മാരാർ, ലക്ഷ്മി എൻ. കൈമൾ എന്നിവർ വഴി നൽകിയ ഹർജിയിലെ ആവശ്യം.