മൈസൂരു: മൈസൂരു ദസറയാഘോഷങ്ങള്‍ക്ക് വ്യാഴാഴ്ച പൊലിമയാര്‍ന്ന തുടക്കം. ചാമുണ്ഡിമലയില്‍ രാവിലെ നടന്ന ചടങ്ങില്‍ കന്നഡസാഹിത്യകാരന്‍ കെ.എസ്. നിസാര്‍ അഹമ്മദ് ചാമുണ്ഡേശ്വരിദേവി വിഗ്രഹത്തില്‍ പുഷ്പവൃഷ്ടി നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാരായ എച്ച്.സി. മഹാദേവപ്പ, തന്‍വീര്‍ സേട്ട്, രുദ്രപ്പ ലമാണി, യു.ടി. ഖാദര്‍, പ്രമോദ് മാദ്വരാജ്, ഉമാശ്രീ, എം.പി.മാരായ പ്രതാപസിംഹ, ആര്‍. ധ്രുവനാരായണ്‍, ജി.ടി. ദേവഗൗഡ എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുത്തു.

ദസറയോടനുബന്ധിച്ച് മൈസൂരു കൊട്ടാരത്തില്‍ വോഡയാര്‍ രാജകുടുംബത്തിന്റെ നേതൃത്വത്തിലുള്ള ചടങ്ങുകളും വ്യാഴാഴ്ച തുടങ്ങി. മൈസൂരു രാജാവ് യെദുവീര്‍ കൃഷ്ണദത്ത ചാമരാജ വോഡയാറിന്റെ നേതൃത്വത്തിലുള്ള രാജദര്‍ബാറിനും തുടക്കമായി. കൊട്ടാരത്തിലെ ചടങ്ങില്‍ വോഡയാര്‍ രാജകുടുംബത്തില്‍ രാജഗുരുവിന്റെ സ്ഥാനം വഹിക്കുന്ന പാലക്കാട് മുതലമട സ്‌നേഹാശ്രമം ചെയര്‍മാന്‍ സ്വാമി സുനില്‍ദാസ് പങ്കെടുത്തു. വരുംദിവസങ്ങളില്‍ രാത്രി 7.30-ന് കൊട്ടാരത്തില്‍ ദര്‍ബാര്‍ അരങ്ങേറും. മഹാനവമി ദിവസം കൊട്ടാരത്തില്‍ പൂജവെപ്പും ഉണ്ടാവും.

ആഘോഷപരിപാടികളുടെ ഭാഗമായി എക്‌സിബിഷന്‍, കായികമേള, പുഷ്പമേള, ചലച്ചിത്രമേള, ഭക്ഷ്യമേള, ഗുസ്തിമത്സരം, പുസ്തകമേള, കലാപരിപാടികള്‍, യോഗ ദസറ എന്നിവയും ആരംഭിച്ചു. ചാമുണ്ഡിവിഹാര്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമംഗങ്ങളായ വേദ കൃഷ്ണമൂര്‍ത്തി, രാജേശ്വരി ഗെയ്ക്വാഡ് എന്നിവര്‍ കായികമേള ഉദ്ഘാടനം ചെയ്തു.

മൈസൂരു കൊട്ടാരം രാത്രി പത്തുവരെ ദീപാലംകൃതമായിരിക്കും. ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസ്, മൈസൂരു റെയില്‍വേ ഡിവിഷണല്‍ ഓഫീസ് തുടങ്ങിയ പ്രധാനസ്ഥാപനങ്ങളും പ്രധാനസര്‍ക്കിളുകളും ദീപാലംകൃതമാക്കിയിട്ടുണ്ട്. നാലായിരത്തിലധികം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഇതരസംസ്ഥാന വാഹനങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് നഗരത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്.