അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ ദളിത് നേതാവിന്റെ ആത്മാഹുതി സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കാന്‍ ശ്രമിച്ച ജിഗ്നേഷ് മേവാനി എം.എല്‍.എ.യുടെ മൈക്ക് സ്​പീക്കര്‍ വിച്ഛേദിച്ചു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.

പാടണില്‍ ദളിതര്‍ക്ക് ഭൂരേഖ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഭാനുഭായ് വങ്കാര്‍ ആത്മാഹുതിചെയ്ത സംഭവം ചര്‍ച്ചചെയ്യാന്‍ മേവാനിയും മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എ.മാരും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, മേവാനി ഒരു മിനിറ്റ് സംസാരിച്ചപ്പോഴേ സ്​പീക്കര്‍ മൈക്ക് നിര്‍ത്തിക്കളഞ്ഞു. ഇതില്‍ എതിര്‍പ്പുപ്രകടിപ്പിച്ച് മേവാനിക്കൊപ്പം പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരും സഭ വിട്ടു.

വങ്കാറുടെ മരണത്തിനുശേഷം സര്‍ക്കാര്‍ രണ്ട് ദളിത് കുടുംബങ്ങള്‍ക്കും പട്ടയം നല്‍കിയിരുന്നു. എന്നാല്‍, ഇത് ഒരു പ്രത്യേക പരിഗണനയെന്ന നിലയിലാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ സൂചിപ്പിച്ചതുതന്നെ ആത്മാര്‍ഥതയില്ലായ്മയാണ് കാണിക്കുന്നതെന്ന് മേവാനി മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ കൃഷിഭൂമിക്ക് അവകാശമുള്ള എല്ലാ ദളിത്-ആദിവാസി-ഒ.ബി.സി. വിഭാഗക്കാര്‍ക്കും ആറുമാസത്തിനകം പട്ടയം നല്‍കാന്‍ റവന്യൂവകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.