ബെംഗളൂരു: വടക്കൻ കർണാടകത്തിലെ കൊപ്പാളിൽ ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ദളിത് വിഭാഗത്തിൽപ്പെട്ട വ്യക്തിയിൽനിന്ന് അന്നദാനം നടത്താൻ ക്ഷേത്രം അധികൃതർ 11,000 രൂപ വാങ്ങി. കൊപ്പാൾ ജില്ലയിലെ കരട്ടാഗി ഗ്രാമത്തിലെ ലക്ഷ്മി ദേവി ക്ഷേത്രത്തിൽ പ്രവേശിച്ചതിനാണ് 11,000 രൂപ ചെലവഴിച്ച് അന്നദാനം നടത്തിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുകയാണെന്ന് എസ്.പി. ടി. ശ്രീധര വാർത്താ ഏജൻസിയോട് പറഞ്ഞു.

11 ദിവസം മുമ്പ് നടന്ന സംഭവം വെള്ളിയാഴ്ചയാണ് പുറത്തറിഞ്ഞത്. ദളിത് വിഭാഗക്കാരൻ പ്രവേശിച്ചെന്ന് അറിഞ്ഞതു മുതൽ ക്ഷേത്രം അധികൃതരും പുരോഹിതനും ആ വ്യക്തിയോട് ഉത്സവം നടത്താൻ നിർബന്ധിക്കുകയായിരുന്നു.

ഏതാനുംമാസം മുമ്പ് ക്ഷേത്രത്തിൽ മോഷണം നടന്നതിനാൽ പുരോഹിതനല്ലാതെ മറ്റാർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതിയില്ലായിരുന്നു. എന്നാൽ, വഴിപാട് നേർന്നിരുന്നതിനാൽ ഇയാൾ സെപ്റ്റംബർ 14-ന് ക്ഷേത്രത്തിൽ പ്രവേശിക്കുകയായിരുന്നുവെന്ന് എസ്.പി. പറഞ്ഞു. അടുത്തിടെ കൊപ്പാൾ മിയപുരം ഗ്രാമത്തിൽ രണ്ടുവയസ്സുകാരൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിന് അധികൃതർ രക്ഷിതാക്കൾക്ക് 23,000 രൂപ പിഴ യിട്ടിരുന്നു.