ന്യൂഡൽഹി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന്‌ സാന്ത്വനവുമായി ദലൈലാമ. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയും സ്വത്തുനാശം വന്നവരെയും ഓർത്ത്‌ ദുഃഖിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ ദലൈലാമ അറിയിച്ചു.

മികച്ചരീതിയിൽ നടക്കുന്ന ദുരിതാശ്വാസപ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 11 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ അദ്ദേഹം സംഭാവനനൽകി. തുക പ്രത്യേക ദൂതൻവഴി കേരള ഹൗസിൽ ഏൽപ്പിച്ചു.

ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ച 15 കോടി രൂപയുടെ ചെക്ക് യു.പി. റെസിഡന്റ് കമ്മിഷണർ കെ. ധനലക്ഷ്മി കേരള ഹൗസ് റെസിഡന്റ് കമ്മിഷണർ പുനീത് കുമാറിനു കൈമാറി. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകി. എഡിസൺ എക്യുപ്‌മെന്റ് എന്ന സ്ഥാപനം ഒരു ലക്ഷം രൂപയും നൽകി.

യു.പി. സർക്കാരിന്റെ 15 കോടിക്കു പുറമേ, കേരള ഹൗസിൽ കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 1.8 കോടി രൂപ സംഭാവനയായി ലഭിച്ചു. കേരള ഹൗസിൽ തുറന്ന ഹെൽപ്പ് ഡെസ്കിൽ വലിയതോതിലുള്ള സഹായമാണ് ലഭിക്കുന്നത്. അവിടെ സമാഹരിച്ച 46 ടൺ അവശ്യവസ്തുക്കൾ റെയിൽമാർഗം കേരളത്തിലേക്കയച്ചു.

ഡൽഹിയിലെ വിവിധ കോളേജുകളിലെ വിദ്യാർഥികളും സഹായസന്നദ്ധരായെത്തി. ഭക്ഷ്യവസ്തുക്കളും വസ്ത്രവുമടങ്ങുന്ന ആറു ടൺ അവശ്യവസ്തുക്കൾ വിമാനമാർഗവും അയച്ചു. ഇതിനെല്ലാം പുറമേ, ഡൽഹിയിലെ വിവിധ മലയാളി സംഘടനകൾ പണം ശേഖരിക്കുന്നുണ്ട്. ആദ്യഘട്ട സംഭാവന അവർ 24-ന്‌ കേരള ഹൗസിൽ കൈമാറും.