കുശാല്‍നഗര്‍: ഇന്ത്യയുടെ പരമാധികാരത്തിലും വിദേശനയത്തിലും ചൈന ഇടപെടുന്നത് സമാധാനത്തിന് കോട്ടംവരുത്തുമെന്ന് ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ. ബൈലക്കുപ്പയില്‍ ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു അദ്ദേഹം.

ചൈനക്കാരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുമെന്ന പേടിയില്‍ ടിബറ്റന്‍ വംശജരെ ചൈനീസ് സര്‍ക്കാര്‍ വന്‍തോതില്‍ കൊലപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്വാതന്ത്ര്യം നേടിയെടുക്കാനാണ് തങ്ങള്‍ പോരാടുന്നത്. എന്നാല്‍, ചൈനീസ് സര്‍ക്കാര്‍ അത്തരം ശ്രമങ്ങളെ ഇല്ലായ്മചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിനായി പരിഷ്‌കൃതമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ ചോര്‍ത്തിയും സ്വകാര്യവിവരങ്ങള്‍ സ്ഥിരമായി ശേഖരിക്കുന്നു. ടിബറ്റന്‍ വംശജരെ ആക്രമിക്കാന്‍ ചില ടിബറ്റന്‍കാരെ ചൈന പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും മതേതരത്വം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യയോട് തങ്ങള്‍ നന്ദിയുള്ളവരാണെന്നും ദലൈ ലാമ പറഞ്ഞു. ഇന്ത്യക്കാരും ടിബറ്റന്‍കാരും തമ്മിലുള്ള ഐക്യം തുടരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ബൈലക്കുപ്പയിലെ ടിബറ്റന്‍ കേന്ദ്രത്തില്‍ സന്ദര്‍ശനത്തിനെത്തിയ ദലൈ ലാമ അടുത്ത അഞ്ചുദിവസം ഇവിടെ തങ്ങും. ഇസഡ് പ്ലസ് സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.