കൊല്‍ക്കത്ത: ചൈനയില്‍നിന്ന് ടിബറ്റ് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്നും പക്ഷേ, വലിയ വികസനമാണ് പ്രതീക്ഷിക്കുന്നതെന്നും ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ. ടിബറ്റുകാര്‍ ചൈനയ്‌ക്കൊപ്പമാണ് നില്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയെ സംബന്ധിച്ച മുന്‍നിലപാടുകളില്‍നിന്നുള്ള വ്യതിയാനമാണ് ദലൈലാമയുടെ പരാമര്‍ശമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ടിബറ്റില്‍ ചൈന കടന്നുകയറിയതിനെത്തുടര്‍ന്നാണ് ദലൈലാമ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയില്‍ അഭയംതേടിയത്. ഇതിന്റെ പേരില്‍ നടന്ന തര്‍ക്കങ്ങള്‍ 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിലേക്കുവരെ നീണ്ടിരുന്നു.

'വളരെ അടുത്ത ബന്ധമാണ് ചൈനയും ടിബറ്റും തമ്മിലുള്ളത്. ചില സന്ദര്‍ഭങ്ങളില്‍ കലഹിച്ചിട്ടുണ്ട്. കഴിഞ്ഞത് കഴിഞ്ഞു, നമ്മള്‍ ഇനി ഭാവിയെക്കുറിച്ചാണ് ആലോചിക്കേണ്ടത്. ഞങ്ങള്‍ ചൈനയില്‍നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ല. ചൈനയോടൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്ക് കൂടുതല്‍ വികസനം വേണം. ടിബറ്റിന് വ്യത്യസ്തമായ പൈതൃകവും സംസ്‌കാരവുമാണുള്ളത്. ചൈനക്കാര്‍ അവരുടെ രാജ്യത്തെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തെയും. ചൈനക്കാര്‍ ഞങ്ങളുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ബഹുമാനിക്കണം' -അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും പരസ്​പരം സഹായിച്ച് സമാധാനപരമായി ജീവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതാനും ദശകങ്ങളായി ചൈനയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ചൈനക്കാര്‍ക്കുപോലും അറിയില്ലെന്നും, ആ രാജ്യം ദിവസവും മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടിബറ്റന്‍ പീഠഭൂമിയുടെ പാരിസ്ഥിതികമായ പ്രാധാന്യത്തെക്കുറിച്ചും ദലൈലാമ സംസാരിച്ചു. ടിബറ്റന്‍ പീഠഭൂമിയെ സംരക്ഷിക്കുന്നത് ടിബറ്റുകാര്‍ക്ക് മാത്രമല്ല, ലോകത്തെ കോടിക്കണക്കിന് മനുഷ്യര്‍ക്ക് ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.