ഗുവാഹാട്ടി: ടിബറ്റില്‍നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ അകമ്പടിനല്‍കിയ സൈനികനുമായി ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമയ്ക്ക് വികാരപരമായ ഒത്തുചേരല്‍. 1959 മാര്‍ച്ചില്‍ ടിബറ്റില്‍നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ അകമ്പടിയേകിയ അസം റൈഫിള്‍സിലെ അഞ്ചുസൈനികരിലൊരാളായ നരേന്ദചന്ദ്രദാസുമായാണ് ഞായറാഴ്ച ദലൈലാമ കൂടിക്കാഴ്ച നടത്തിയത്. അസം സര്‍ക്കാര്‍ സംഘടിപ്പിച്ച 'നമാമി ബ്രഹ്മപുത്ര നദീ ഉത്സവ'ത്തിനിടയിലായിരുന്നു ഒത്തുചേരല്‍.

58 വര്‍ഷംമുമ്പ് ഇന്ത്യയിലേക്ക് അകമ്പടിനല്‍കിയ സൈനികരിലൊരാളെ വീണ്ടും കാണാനായതില്‍ സന്തോഷമുണ്ടെന്ന് ദലൈലാമ പറഞ്ഞു. സൈന്യത്തില്‍ചേര്‍ന്ന് രണ്ടുവര്‍ഷത്തിനുശേഷം ചൈന അതിര്‍ത്തിക്കുസമീപം നിയമനം ലഭിച്ച ചന്ദ്രദാസിന് അവിടെനിന്നാണ് ദലൈലാമയ്ക്ക് സുരക്ഷാഅകമ്പടി നല്‍കാന്‍ അവസരമുണ്ടായത്. യാത്രയ്ക്കിടയില്‍ ദലൈലാമയുമായി സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. യാത്രയിലുടനീളം അകമ്പടി നല്‍കുക മാത്രമായിരുന്നു തങ്ങളുടെ ദൗത്യമെന്നും ദാസ് പറഞ്ഞു.

സൈനികന് സില്‍ക്ക് ഷാള്‍ സമ്മാനിച്ചുകൊണ്ടാണ് പരിപാടിക്കുശേഷം ദലൈലാമ പിരിഞ്ഞത്.