മുംബൈ: വ്യവസായലോകത്തെ അന്പരപ്പിച്ച അപ്രതീക്ഷിത നീക്കത്തിലൂടെ ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ മാറ്റി.

രത്തന്‍ ടാറ്റയെ താത്കാലിക ചെയര്‍മാനായി നിയമിച്ച ഡയറക്ടര്‍ബോര്‍ഡ് യോഗം നാലുമാസത്തിനകം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുമുണ്ട്. രാജ്യത്തെ ഏറ്റവുംവലിയ വ്യവസായഗ്രൂപ്പായ ടാറ്റാ സാമ്രാജ്യത്തിന്റെ തലപ്പത്ത് നാലുവര്‍ഷം മുമ്പാണ് ടാറ്റാ കുടുംബത്തിനുപുറത്തുനിന്നുള്ള സൈറസ് പല്ലോന്‍ജി മിസ്ത്രി ചുമതലയേറ്റത്. രണ്ടുപതിറ്റാണ്ട് ആ സ്ഥാനത്തിരുന്ന രത്തന്‍ ടാറ്റ 75-ാം വയസ്സില്‍ വിരമിച്ചതിനെത്തുടര്‍ന്നായിരുന്നു അത്. നാല്പത്തിയെട്ടുകാരനായ മിസ്ത്രിയെ തത്സ്ഥാനത്തുനിന്ന് മാറ്റാന്‍ മുംബൈയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതായി തിങ്കളാഴ്ച വൈകിട്ട് പത്രക്കുറിപ്പിലൂടെയാണ് ടാറ്റാ സണ്‍സ് അറിയിച്ചത്. കാരണമൊന്നും വെളിപ്പെടുത്തിയിട്ടില്ല.

വാണിജ്യ, വ്യവസായമേഖലകളില്‍ ടാറ്റാ കുടുംബം പിന്തുടര്‍ന്നുപോന്നിരുന്ന മൃദുനയത്തില്‍നിന്നുമാറി ലാഭം മാത്രം ലക്ഷ്യംവെക്കുന്ന കടുത്ത നടപടികളിലേക്ക് മിസ്ത്രിയുടെ നേതൃത്വത്തില്‍ നീങ്ങിയിരുന്നു. ഇതിലുള്ള അതൃപ്തിയാണ് നാടകീയമാറ്റത്തിനുപിന്നിലെന്നാണ് കരുതുന്നത്. യൂറോപ്പിലെ ഉരുക്കുവ്യവസായശാലകള്‍ വിറ്റൊഴിക്കാനും ലാഭം നല്‍കുന്ന വ്യവസായങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനും മിസ്ത്രി തീരുമാനിച്ചിരുന്നു. ജീവനക്കാര്‍ക്കും വ്യാപാരപങ്കാളികള്‍ക്കും നേരേ സ്‌നേഹത്തോടൊപ്പം കര്‍ക്കശ സമീപനവും കൈക്കൊള്ളേണ്ടിവരുമെന്ന അദ്ദേഹത്തിന്റെ നിലപാടും വിമര്‍ശിക്കപ്പെട്ടിരുന്നു.

സര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സര്‍ രത്തന്‍ ടാറ്റാട്രസ്റ്റും കഴിഞ്ഞാല്‍ ടാറ്റാ സണ്‍സിലെ ഏറ്റവും വലിയ ഓഹരി ഉടമയായ ഷപുര്‍ജി പല്ലഞ്ജി മിസ്ത്രിയുടെ ഇളയമകനാണ് ഇന്ത്യയില്‍ ജനിച്ച് അയര്‍ലന്‍ഡ് പൗരത്വം നേടിയ സൈറസ്. 2006 മുതല്‍ ടാറ്റാ ഗ്രൂപ്പ് കമ്പനികളില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണദ്ദേഹം.

രത്തന്‍ ടാറ്റ വിരമിക്കുന്നതായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയിലെ അംഗമായിരുന്നു സൈറസ് മിസ്ത്രി. വേറെയാരെയും തിരഞ്ഞെടുക്കാനാകാഞ്ഞതുകൊണ്ട് സമിതി ഏകകണ്ഠമായാണ് അന്ന് സൈറസിനെ ചെയര്‍മാനാക്കിയത്. ടാറ്റാ കുടുംബത്തിനു പുറത്തുനിന്നുള്ള രണ്ടാമത്തെ ചെയര്‍മാന്‍ എന്ന നിലയില്‍ ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാരോഹണം.

നൂറോളം സംരംഭങ്ങളും ആറുലക്ഷം ജീവനക്കാരും 7,00,000 കോടി രൂപയോളം ആസ്തിയുമുള്ള ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയാണ് ടാറ്റാ സണ്‍സ്. ടാറ്റാ സണ്‍സ് ചെയര്‍മാനാണ് 148 വര്‍ഷത്തെ പൈതൃകമുള്ള ടാറ്റാ ഗ്രൂപ്പിന്റെയും ചെയര്‍മാനാവുക. രത്തന്‍ ടാറ്റ, വേണു ശ്രീനിവാസന്‍, റോണന്‍ സെന്‍, അമിത് ചന്ദ്ര എന്നിവരുള്‍പ്പെടുന്ന സമിതിയാണ് പുതിയ ആളെ തിരഞ്ഞെടുക്കുക. സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും രത്തന്‍ ടാറ്റയുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റുകളുടെ പ്രതിനിധികളാണ്. അതുകൊണ്ടുതന്നെ ടാറ്റാ ട്രസ്റ്റുകളുടെ നിലപാടായിരിക്കും പുതിയ ചെയര്‍മാന്റെ തിരഞ്ഞടുപ്പില്‍ നിര്‍ണായകമാവുക.

ടാറ്റാ കുടുംബാംഗമല്ലെങ്കിലും സ്ഥാനമൊഴിഞ്ഞ സൈറസ് മിസ്ത്രിക്ക് രത്തന്‍ ടാറ്റയുമായി ബന്ധമുണ്ട്. മിസ്ത്രിയുടെ സഹോദരി ആലുവിനെ വിവാഹം കഴിച്ചത് രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരന്‍ നോയല്‍ ടാറ്റയാണ്.