ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും തീരത്തേക്ക് വീശിത്തുടങ്ങി. ചുഴലിക്കാറ്റ് പുതുച്ചേരിയിൽനിന്ന് 250 കിലോമീറ്ററും ചെന്നൈയിൽനിന്ന് 300 കിലോമീറ്ററും അകലെ എത്തിയപ്പോഴേക്കും കാറ്റും മഴയും ശക്തമാകുകയായിരുന്നു. ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം പുതുച്ചേരി, കടലൂർ, വിഴുപുരം തുടങ്ങിയിടങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. 155 കിലോമീറ്റർവരെ വേഗം ആർജിക്കുന്ന കാറ്റ് വ്യാഴാഴ്ച പുലർച്ചെയോടെ പൂർണമായും കരയിൽ കടക്കും.

രക്ഷാപ്രവർത്തനങ്ങൾക്കായി കരസേന എത്തി. ദേശീയ ദുരന്തനിവാരണ സേനയെയും ദുരിതബാധിത പ്രദേശങ്ങളിൽ വിന്യസിച്ചു. തമിഴ്‌നാട്ടിൽ 13 കടലോരജില്ലകളിൽ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ 30,000-ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചെന്നൈയിൽ മാത്രം 169 ക്യാമ്പുകൾ ആരംഭിച്ചു. തെക്കൻ തമിഴ്‌നാട്ടിലൂടെ സർവീസ് നടത്തുന്നതടക്കം 30-ഓളം തീവണ്ടി സർവീസുകളും ചെന്നൈ വിമാനത്താവളത്തിലൂടെയുള്ള 26 വിമാനസർവീസുകളും റദ്ദാക്കി. ചെന്നൈ സബർബൻ, മെട്രോ തീവണ്ടി സർവീസുകൾ മുടങ്ങി.

ചെന്നൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. പ്രധാന ജലസംഭരണിയായ ചെമ്പരമ്പാക്കത്തുനിന്ന് വെള്ളം തുറന്നുവിട്ടു. 24 അടി ഉയരമുള്ള സംഭരണിയിൽ ജലനിരപ്പ് 22 അടി എത്തിയപ്പോഴാണ് തുറന്നത്. 2015-ൽ ചെന്നൈയിലുണ്ടായ വൻപ്രളയത്തിന് കാരണമായത് ചെമ്പരമ്പാക്കത്തുനിന്നുള്ള വെള്ളമായിരുന്നു. എന്നാൽ, നിയന്ത്രിതമായിട്ടാണ് ഇപ്പോൾ വെള്ളം തുറന്നുവിടുന്നതെന്നും ഭയപ്പെടേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു.

മൈലാടുതുറൈ, നാഗപട്ടണം, കടലൂർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ കടലേറ്റം രൂക്ഷമായി. പത്തടി ഉയരത്തിൽ തിരമാലകൾ കരയിലേക്കടിച്ചു. പലയിടങ്ങളിലും മത്സ്യബന്ധന ബോട്ടുകൾക്ക് നാശമുണ്ടായി. പുതുച്ചേരിയിലും കാറ്റ് നാശം വിതച്ചു. കൃഷിയടക്കം നശിച്ചിട്ടുണ്ട്. പുതുച്ചേരി നഗരത്തിൽ രാത്രിയിൽ ഗതാഗതം നിരോധിച്ചു.

Content Highlights: Cyclone Nivar Tamilnadu Puducherry