ന്യൂഡൽഹി: ഇരുപതുവർഷത്തിനുശേഷം രാജ്യത്തുവീശുന്ന അതിശക്തമായ ചുഴലിക്കാറ്റിനെ ഭയന്ന് പതിനായിരം ഗ്രാമങ്ങളും 52 പട്ടണങ്ങളും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നും രണ്ടിനുമിടെ ഒഡിഷയിലെ പുരിക്ക്‌ തെക്ക് കാറ്റ് തീരംതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ. മണിക്കൂറിൽ 200 കിലോമീറ്റാവും കാറ്റിന്റെ വേഗമെന്നും കണക്കാക്കുന്നു. ഇതേത്തുടർന്ന് വിമാനത്താവളങ്ങൾ അടച്ചു. പട്ന-എറണാകുളം എക്സ്‌പ്രസുൾപ്പെടെ കൊൽക്കത്ത-ചെന്നൈ റൂട്ടിലെ 223 തീവണ്ടികൾ റദ്ദാക്കി.

11.5 ലക്ഷം പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട്. ഇതിൽ 3.3 ലക്ഷം പേരെ മാറ്റിയതായി സംസ്ഥാന ആഭ്യന്തരമന്ത്രാലയം പറഞ്ഞു. ആപത്‌സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള നാഷണൽ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയുടെ (എൻ.സി.എം.സി.) സഹായം തേടിയതായി ഒഡിഷ സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. നാവികസേനയുടെയും തീരസേനയുടെയും സംഘങ്ങളെയും ദേശീയ ദുരന്തപ്രതികരണ സേനയുടെ 78 സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

ഭുവനേശ്വറിൽനിന്നുള്ള വിമാനസർവീസുകൾ വ്യാഴാഴ്ച അർധരാത്രിമുതൽ നിർത്തിവെച്ചു. ബംഗാളിലെ കൊൽക്കത്തയിൽനിന്നുള്ള വിമാനസർവീസുകൾ വെള്ളിയാഴ്ച രാവിലെയോടെ നിർത്തും. കാലാവസ്ഥ അനുകൂലമാകുന്നതോടെയേ ഇവ പുനരാരംഭിക്കൂ. പൊതുമേഖലാ എണ്ണക്കമ്പനിയായ ഒ.എൻ.ജി.സി. തീരക്കടലിലുള്ള എണ്ണക്കിണറുകളിൽ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാൻ റെയിൽവേ മൂന്നു പ്രത്യേക തീവണ്ടികൾ ഒാടിച്ചു.

ഒഡിഷയിലെ ഗഞ്ജം, ഗജപതി, ഖുദ്ര, പുരി, ജഗത്‌സിങ്പുർ, കേന്ദ്രപഡ, ഭദ്രക്, ജാജ്പുർ, ബാലസോർ എന്നിവിടങ്ങളെയും ബംഗാളിലെ കിഴക്കും പടിഞ്ഞാറും മേദിനിപുർ, തെക്കും വടക്കും 24 പർഗാനാസ്, ഹൗറ, ഹൂഗ്ലി, ഝാർഗ്രാം, കൊൽക്കത്ത എന്നിവിടങ്ങളെയും ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം എന്നിവിടങ്ങളെയും കാറ്റ് ബാധിച്ചേക്കുമെന്നാണ് കരുതുന്നത്.

വിനോദസഞ്ചാരികളോട് കൊൽക്കത്തവിടാൻ ബംഗാൾ സർക്കാർ നിർദേശിച്ചു. 1999-ൽ വീശിയ ശക്തമായ ചുഴലിക്കാറ്റിൽ 10,000 പേരാണ് ഒഡിഷയിൽ മരിച്ചത്.

Content Highlights: Cyclone Fani to Make Landfall Near Puri Today Odisha