ഭുവനേശ്വർ: വെള്ളിയാഴ്ച ഒഡിഷയുടെ തീരമേഖലയിൽ ആഞ്ഞുവീശിയ ഫോനി ചുഴലിക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 29 ആയി. ഇതിൽ 21 പേരും മരിച്ചത് തീർഥാടനനഗരമായ പുരിയിലാണെന്ന് ചീഫ് സെക്രട്ടറി എ.പി. പഥി അറിയിച്ചു. ചുഴലിക്കാറ്റിലും തുടർന്നുണ്ടായ പേമാരിയിലും കനത്തനാശനഷ്ടമാണ് ഇവിടെയുണ്ടായത്. ശുദ്ധജലത്തിനു കടുത്ത ക്ഷാമമുണ്ട്. വൈദ്യുതിവിതരണം മൂന്നാം ദിവസവും പുനഃസ്ഥാപിച്ചിട്ടില്ല. തീവണ്ടി, വ്യോമ ഗതാഗതം ഞായറാഴ്ച മുതൽ സാധാരണനിലയിലായി.

ദുരന്തത്തിനിരയായവർക്ക് മുഖ്യമന്ത്രി നവീൻ പട്നായിക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് ഏറ്റവും ഗുരുതരമായി ബാധിച്ച പുരിയിലും ഖൊർധയിലെ ചിലഭാഗങ്ങളിലുമുള്ള ഭക്ഷ്യഭദ്രതാ നിയമത്തിന്റെ (എഫ്.എസ്.എ.) പരിധിയിൽ വരുന്ന കുടുംബങ്ങൾക്ക് 50 കിലോ അരി, 2000 രൂപ, പ്ലാസ്റ്റിക് ഷീറ്റ് എന്നിവ ലഭിക്കും.

ഗുരുതരമായി ബാധിച്ച ഖൊർധയിലെ ശേഷിക്കുന്ന ഭാഗങ്ങളിലുള്ള എഫ്.എസ്.എ. പരിധിയിലുള്ള കുടുംബങ്ങൾക്ക് നിലവിൽ ലഭിക്കുന്ന അരിക്കു പുറമെ 1000 രൂപ, പ്ലാസ്റ്റിക് ഷീറ്റ് എന്നിവയും കട്ടക്ക്, കേന്ദ്രാപഡ എന്നിവടങ്ങളിലുള്ളവർക്ക് പതിവായി കിട്ടുന്ന അരിക്കു പുറമെ 500 രൂപയും നല്കും.

മറ്റു സഹായപ്രഖ്യാപനങ്ങൾ

*കാറ്റിൽ പൂർണമായും നശിച്ച വീടിനു 95,100 രൂപയും

*ഭാഗികമായി നശിച്ചവയ്ക്ക് 52,000 രൂപയും ചെറിയ കേടുപാടുകളുള്ള വീടിനു 3,200 രൂപയും

*പുരിയിൽ 70 ശതമാനവും ഭുവനേശ്വറിൽ 40 ശതമാനവും ജലവിതരണം പുനഃസ്ഥാപിച്ചു. ജലവിതരണം വൈകാതെ പൂർണമായും പുനഃസ്ഥാപിക്കും.

*ദുരിതാശ്വാസകേന്ദ്രങ്ങളിലുള്ളവർക്ക് രണ്ടാഴ്ചത്തേക്ക് ഭക്ഷണം സൗജന്യമായി നല്കും.

*യുദ്ധകാലാടിസ്ഥാനത്തിൽ മരങ്ങൾ വെച്ചുപിടിപ്പിക്കും.

പുരി ജഗന്നാഥ ക്ഷേത്രത്തിനു കേടുപറ്റി

ഫോനി ചുഴലിക്കാറ്റിൽ പുരി ജഗന്നാഥ ക്ഷേത്രത്തിനു ചെറിയതോതിൽ കേടുപറ്റി. ക്ഷേത്രത്തിന്റെ പ്രധാനഭാഗങ്ങൾക്കു കേടുപാട് സംഭവിച്ചിട്ടില്ലെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ.)യോട് ക്ഷേത്രം സന്ദർശിക്കാൻ ആവശ്യപ്പെടുമെന്നും മുഖ്യ ഭരണാധികാരി പി.കെ. മഹാപാത്ര പറഞ്ഞു.

content highlights: Cyclone Fani: Death toll rises to 29 in Odisha