കൊൽക്കത്ത: ആന്ധ്ര, ഒഡിഷ തീരങ്ങൾ പിന്നിട്ട് ബംഗാളിലെത്തുന്ന ഫോനി ചുഴലിക്കാറ്റ് 15 ജില്ലകളിൽ വ്യാപകനാശം വിതച്ചേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ജില്ലാ ഭരണകൂടങ്ങളും കൊൽക്കത്ത കോർപ്പറേഷനും മുന്നൊരുക്കം തുടങ്ങി.

ഒഡിഷയോട് ചേർന്നുകിടക്കുന്ന ഗോപാൽപൂരിനും ചാന്ദ് ബാലിക്കുമിടയ്ക്കായാണ് ചുഴലിക്കാറ്റ് ബംഗാളിലേക്ക് കടക്കുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതർ കണക്കുകൂട്ടുന്നത്. വെള്ളിയാഴ്ച വൈകീട്ടോ ശനിയാഴ്ച പുലർച്ചെയോ ബംഗാളിൽ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് ശനിയാഴ്ച വൈകുന്നേരത്തോടെ ബംഗ്ളാദേശിനെ ലക്ഷ്യമാക്കി നീങ്ങുമെന്നും കരുതുന്നു. ഒഡിഷ അതിർത്തിയോട് ചേർന്നുള്ള ദീഘാ, ഗോപാൽപ്പൂർ തുടങ്ങിയ കടൽത്തീരങ്ങളിൽനിന്ന് വിനോദസഞ്ചാരികളെ ഒഴിപ്പിച്ചിട്ടുണ്ട്. മീൻപിടിത്തക്കാർ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. വെള്ളിയാഴ്ച വൈകീട്ട് മുതൽ കനത്തമഴയും 90 മുതൽ 110 കി.മീ. വേഗതയിൽ കാറ്റുമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

ദേശീയദുരന്ത നിവാരണ സേന ക്യാമ്പ് തുറന്ന് തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. സംസ്ഥാന ജീവനക്കാരുടെ അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. വമ്പൻ പരസ്യബോർഡുകളും ഫ്ളക്സുകളും നീക്കാൻ കോർപ്പറേഷൻ ഉത്തരവിട്ടു. ഉറപ്പില്ലാത്ത കെട്ടിടങ്ങളിൽ താമസിക്കുന്നവരോട് ഒഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡിഷ വഴിയുള്ള നൂറിലധികം തീവണ്ടികൾ റദ്ദാക്കിയിട്ടുണ്ട്.

Content Highlights: Cyclone Fani, West Bengal