ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ‘ബുറെവി’ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് തമിഴ്‌നാട്ടിൽ ജാഗ്രതാനിർദേശം. ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്താണ് ന്യൂനമർദം രൂപപ്പെട്ടത്. രണ്ട് ദിവസംകൊണ്ട് ഇത് കരുത്താർജിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്ന് സംസ്ഥാനത്ത് ഡിസംബർ ഒന്നിനും രണ്ടിനും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. തമിഴ്‌നാടിന്റെ വടക്കൻ തീരപ്രദേശങ്ങളെയും ആന്ധ്രയുടെ തെക്കൻഭാഗങ്ങളെയും ബാധിക്കുമെന്നാണ് കരുതുന്നത്.

തമിഴ്‌നാട്ടിലെ വടക്കൻ തീരദേശത്തെയും പുതുച്ചേരിയെയും ദുരിതത്തിലാക്കി നിവാർ ചുഴലിക്കാറ്റ് വീശി ഏതാനും ദിവസങ്ങൾക്കകമാണ് പുതിയ ഭീഷണിയായി ന്യൂനമർദമുണ്ടായിരിക്കുന്നത്. ഞായറാഴ്ച ന്യൂനമർദം രൂപപ്പെടുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. എന്നാൽ പ്രതീക്ഷിച്ചതിലും ഒരുദിവസം മുമ്പ് ന്യൂനമർദം രൂപംകൊള്ളുകയായിരുന്നു. ഒരുദിവസംകൊണ്ട് ഇത് കൂടുതൽ ശക്തിയാർജിക്കുമെന്നും വീണ്ടും ഒരുദിവസംകൂടി കഴിയുമ്പോൾ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നുമാണ് പുതിയ അറിയിപ്പ്. കാറ്റിന് മുന്നോടിയായി കനത്തമഴയ്ക്കും സാധ്യതയുണ്ട്. ചെന്നൈ അടക്കമുള്ള വടക്കൻ ജില്ലകളെയായിരിക്കും ബുറെവി ചുഴലിക്കാറ്റും ബാധിക്കുക.

നിവാർ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായിരിക്കുന്ന നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പോലും പൂർത്തിയാകുന്നതിന് മുമ്പ് തമിഴ്‌നാട് അടുത്ത കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. തീരദേശങ്ങൾ നിരീക്ഷണത്തിലാണ്. എന്നാൽ രണ്ട് ദിവസമായി വടക്കൻജില്ലകളിൽ കാര്യമായി മഴപെയ്തിട്ടില്ല. ഇതേസമയം മധുര അടക്കം തെക്കൻജില്ലകളിൽ കനത്തമഴ ലഭിച്ചു. നിവാർ ചുഴലിക്കാറ്റിനോട് അനുബന്ധിച്ചുണ്ടായ മഴയെത്തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ ചെന്നൈയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നൊഴിഞ്ഞിട്ടില്ല.

Content Highlights: Cyclone Burevi brews in Bay of Bengal