കോഴിക്കോട്: മൂന്ന് കൂറ്റൻ ചങ്ങലകൾകൊണ്ട് വരിഞ്ഞുമുറുക്കപ്പെട്ട ഒരു ആനയുടെ അവസ്ഥയാണ് ഇപ്പോൾ ബുറെവിക്കാറ്റിന്റേത്. കന്യാകുമാരിക്കും ശ്രീലങ്കയുടെ വടക്കുഭാഗത്തിനും ഇടയിൽ, മന്നാർ ഉൾക്കടലിൽ പെട്ടിരിക്കുകയാണ് ബുറെവി. സാധാരണഗതിയിൽ വടക്കുപടിഞ്ഞാറോട്ട് പാഞ്ഞുപോകേണ്ട ന്യൂനമർദം, ശ്രീലങ്ക കടന്നതോടെ ശക്തികുറഞ്ഞു. എങ്കിലും മന്നാർ കടന്നാലുടൻ അറബിക്കടലിൽനിന്നു കിട്ടുന്ന ഗതികോർജത്തിന്റെ സഹായത്തോടെ വീണ്ടും ശക്തിപ്രാപിച്ച് ഒമാൻ തീരത്തേക്ക് നീങ്ങും എന്നായിരുന്നു മിക്ക വിശകലനങ്ങളും.

പക്ഷേ, ലോകത്തെ എല്ലാ കാലാവസ്ഥാശാസ്ത്രജ്ഞരെയും അമ്പരപ്പിച്ചുകൊണ്ട് നിന്നിടത്തുതന്നെ നിലയുറപ്പിച്ചു, ബുറെവി. ഇങ്ങനെ സാധാരണ സംഭവിക്കാറില്ല. ബുറെവിക്ക് പടിഞ്ഞാറോട്ടു പോകാനാവാത്ത രീതിയിൽ അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപംകൊണ്ടു. മുകളിലായി മറ്റൊരു ജെറ്റ് സ്ട്രീം (അന്തരീക്ഷത്തിന്റെ മുകൾഭാഗത്തെ ശക്തമായ വായുപ്രവാഹം) പ്രതിഭാസവും രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിലും പുതിയ ന്യൂനമർദമുണ്ടായി.

ഇതൊടെ ആഴംകുറഞ്ഞ കടലിടുക്കിൽപ്പെട്ട തിമിംഗിലത്തെപ്പോലെയായി ബുറെവി. രാമേശ്വരം ഭാഗത്ത് കടലിന് ആഴം കുറവായതിനാൽ, ചുഴലിക്കാറ്റായി മാറാൻവേണ്ട ഗതികോർജം കൈവരിക്കാൻ ബുറെവിക്ക് കഴിയാതെപോയി.

കന്യാകുമാരി തീരംവഴി രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയാണ് ഇപ്പോൾ ഈ കാറ്റ്. സഹ്യപർവതനിരകൾ കേരളത്തിലേക്ക് കടത്താതെ ബുറെവിയെ തെക്കോട്ടുതന്നെ നീക്കി. എങ്കിലും വന്നുപെട്ട അതേ ഇടത്തുനിന്ന് കറങ്ങിക്കൊണ്ടിരിക്കുകയാണത്.

ഏതാണ്ടെല്ലാ പ്രവചനങ്ങളും തെറ്റിച്ച ബുറെവിയെ പ്രകൃതിയുടെ നിഗൂഢത എന്നേ വിശേഷിപ്പിക്കാനാവൂ.

ആന്തരികമായ ശക്തിയുപയോഗിച്ച് നീങ്ങാനാണ് ബുറെവി ശ്രമിക്കുന്നത്. എന്നാൽ, ഓരോ പരിശ്രമം കഴിയുമ്പോഴും സഹ്യന്റെയും ജാഫ്നയുടെ വടക്കൻ മലനിരയുടെയും ബലപരീക്ഷണം ബുറെവിയെ ക്ഷീണിപ്പിക്കുന്നു. പ്രകൃതിയിൽനിന്നുദ്‌ഭവിച്ച് അതിനോടുതന്നെ ഏറ്റുമുട്ടി ഇല്ലാതാവുന്ന വല്ലപ്പോഴും മാത്രം സംഭവിക്കുന്ന പ്രതിഭാസമായി ബുറെവി മാറാനാണു സാധ്യത.