ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ഗേൾസ് സ്കൂളിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ മുൻ അധ്യാപികയുടെ നമ്പറിൽനിന്ന് അശ്ലീല ചിത്രങ്ങൾ വന്നതിൽ സൈബർ ക്രൈം പോലീസ് അന്വേഷണമാരംഭിച്ചു. ഈറോഡ് വീരപ്പൻഛത്രം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ ഗ്രൂപ്പിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ എന്നിവരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്.

ആറ്്‌ അധ്യാപികമാരാണ് അഡ്മിൻമാർ. കഴിഞ്ഞദിവസം ഗ്രൂപ്പിലേക്ക് ആറ്്‌ അശ്ലീല ചിത്രങ്ങളെത്തുകയായിരുന്നു. സന്ദേശമയച്ച ഫോൺ നമ്പറിലേക്ക് സ്കൂളിൽനിന്ന് വിളിച്ചപ്പോഴാണ് നേരത്തേ ജോലിചെയ്തിരുന്ന താത്കാലിക അധ്യാപികയാണെന്ന് തിരിച്ചറിഞ്ഞത്. ഫോൺ മോഷണം പോയതാണെന്നാണ് അധ്യാപിക അറിയിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ പരാതിപ്പെട്ടു. മുൻ അധ്യാപികയുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഫോൺ മോഷണംപോയെന്ന അവകാശവാദം പരിശോധിക്കുന്നുണ്ട്.