ചെന്നൈ: തൂത്തുക്കുടിയിൽ അച്ഛനും മകനും കസ്റ്റഡിയിൽ മരിച്ച സംഭവത്തിനുപിറകെ തമിഴ്നാട്ടിൽ പോലീസിനുനേരേ വിമർശനമുയർത്തുന്ന മറ്റൊരു മരണംകൂടി. തെങ്കാശി വി.കെ.പുതൂർ സ്വദേശിയായ ഓട്ടോഡ്രൈവർ കുമരേശന്റെ (25) മരണമാണ് വിവാദമായിരിക്കുന്നത്. പോലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ യുവാവ് ശനിയാഴ്ച രാത്രിയാണ് മരിച്ചത്.

സംഭവത്തെക്കുറിച്ച് കുമരേശന്റെ അച്ഛൻ നവനീതകൃഷ്ണൻ പറയുന്നത്: “മേയ് എട്ടിന് എന്നെയും കുമരേശനെയും സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാൻ വീരകേരളപുരം പുതൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അവിടെവെച്ച് സബ് ഇൻസ്പെക്ടർ ചന്ദ്രശേഖരനും കോൺസ്റ്റബിൾ കുമാറും ചേർന്ന് മകനെ അടിച്ചു. നിരപരാധികളായ ഞങ്ങളെ എന്തിനാണ് അടിക്കുന്നതെന്ന് ഞാൻ ചോദിച്ചതോടെ ഞങ്ങളെ സ്റ്റേഷനിൽനിന്ന് ഇറക്കിവിട്ടു. പിന്നീട്, മേയ് 10-ന് എസ്.ഐ. ചന്ദ്രശേഖൻ ഒാട്ടോസ്റ്റാൻഡിലെത്തി കുമരേശന്റെ മൊബൈൽ ഫോൺ കൊണ്ടുപോയി. ഇത് തിരിച്ചുവാങ്ങാൻ പോയ അവനെ എസ്.ഐ.യും കോൺസ്റ്റബിളും ചേർന്ന് ഒരുദിവസം ലോക്കപ്പിലിട്ട് ക്രൂരമായി മർദിച്ചു. പിന്നീട് വീട്ടിലെത്തിയ കുമരേശന്റെ ആരോഗ്യം നാൾക്കുനാൾ മോശമായി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ രക്തം ഛർദിക്കുകയും ശ്വസനത്തകരാർ ഉണ്ടാവുകയും ചെയ്തു. ഇതോടെ അവനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുനെൽവേലി സർക്കാർ ആശുപത്രിയിലേക്കു മാറ്റി. 15 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വൃക്കയ്ക്കും മറ്റ് ആന്തരികാവയവങ്ങൾക്കും ഗുരുതരമായി ക്ഷതമേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്”.

ചോദ്യംചെയ്യുന്നതിനിടെ പോലീസുകാർ തന്നെ ക്രൂരമായി ഉപദ്രവിച്ചുവെന്ന് ആശുപത്രിയിൽവെച്ച് മകൻ പറഞ്ഞതായി നവനീതകൃഷ്ണൻ അറിയിച്ചു. “സബ് ഇൻസ്‌പെക്ടർ ചന്ദ്രശേഖരനും കോൺസ്റ്റബിൾ കുമാറും ചേർന്നാണ് ക്രൂരമായി പീഡിപ്പിച്ചത്. നെഞ്ചിലും രഹസ്യഭാഗങ്ങളിലും ചവിട്ടി. വിവരം പുറത്തറിയിച്ചാൽ ഗുണ്ടാചട്ടം ചുമത്തുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി” നവനീതകൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ വീരകേരളപുരം പുത്തൂർ സബ് ഇൻസ്‌പെക്ടർക്കും കോൺസ്റ്റബിളിനുമെതിരേ കേസെടുത്തു.

Content Highlights: Custodial death Tamil Nadu