അയോധ്യ: ഭൂമിതർക്കക്കേസിൽ സുപ്രീംകോടതി ശനിയാഴ്ച വിധി പ്രഖ്യാപിക്കുമെന്നറിഞ്ഞതോടെ ആശങ്കയുടെ മുൾമുനയിലായിരുന്നു അയോധ്യയിലെ ജനങ്ങൾ. വെള്ളിയാഴ്ച രാത്രി തന്നെ ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും ശേഖരിച്ചുവെക്കുന്ന തിരക്കിലായിരുന്നു നാട്ടുകാർ. ബാബറി മസ്ജിദ് പൊളിച്ചപ്പോളുണ്ടായ കർഫ്യൂവും നിരോധനാജ്ഞയും ജനജീവിതം സ്തംഭിപ്പിച്ചത് മിക്കവരും മറന്നിട്ടില്ല. അതിനാൽ സ്ത്രീകളെയും കുട്ടികളെയും അകലെയുള്ള ബന്ധുവീടുകളിൽ അയച്ചവരുമുണ്ട്.
കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളും മറ്റുപരിപാടികളും മാറ്റിവെച്ചവരും ഏറെ. അയോധ്യയിലും സമീപജില്ലകളിലും ഓരോ ദിവസവും അധികൃതർ സുരക്ഷയും ശക്തമാക്കുന്നുണ്ട്. ‘‘ഒരു സാഹസത്തിനുകൂടി മുതിരാൻ ആരും തയ്യാറാവില്ല. ഞാനും കുടുംബവും പള്ളി തകർക്കപ്പെട്ടപ്പോൾ അത്രയും അനുഭവിച്ചിരുന്നു. അതിനാൽ മൂന്നുമാസത്തേക്കുള്ള അരിയും ഗോതമ്പുപൊടിയും ഉരുളക്കിഴങ്ങുമൊക്കെ ഇപ്പോഴേ വാങ്ങിവെച്ചു’’ -ഹനുമാൻ ഗടിയിൽ പ്രസാദവിൽപ്പനക്കാരനായ ജയപ്രകാശ് ജംഗ്ലി പറഞ്ഞു. ഒന്നുരണ്ടുമാസത്തേക്കുള്ള സാധനങ്ങൾ ശേഖരിച്ചതായി ഗടി റോഡിലെത്തന്നെ ‘ശൃംഗാർ മഹൽ’ ഫാൻസിക്കടയുടമ ഹാജി സയ്യദ് അഹമ്മദും പറഞ്ഞു. ‘‘ദൈവത്തിന്റെ സ്ഥലമായതിനാൽ വിധിയും പടച്ചവൻ തീരുമാനിക്കും. അതനുസരിച്ചാൽ കുഴപ്പമില്ല. ഇല്ലെങ്കിൽ കുടുംബത്തെയൊക്കെ ബന്ധുവീടുകളിലേക്ക് മാറ്റേണ്ടിവരും. ഇപ്പോഴേ മാറ്റിയവരുമുണ്ട്’’ -അദ്ദേഹം വ്യക്തമാക്കി.
കല്യാണങ്ങൾക്കുള്ള ബുക്കിങ്ങുകളും മറ്റും പലരും റദ്ദാക്കിയതായി പരിക്രമൺ മാർഗിലെ ആർ.ജി. ഹോട്ടൽ ആൻസ് റിസോർട്ട് ഉടമ അൽക്ക മിശ്ര പറഞ്ഞു. ‘‘നേരത്തേ നവംബറിലും ഡിസംബറിലുമൊക്കെയുള്ളതാണ് മാറ്റിവെച്ചത്. ഇപ്പോൾ ജനുവരി വരെയുള്ളവയും റദ്ദാക്കിത്തുടങ്ങിയിട്ടുണ്ട്’’ -അദ്ദേഹം പറഞ്ഞു.അയോധ്യയ്ക്കുപുറമേയുള്ള നഗരങ്ങളിലെ പരിപാടികളും മാറ്റിവെച്ചു തുടങ്ങിയിട്ടുണ്ട്. നവംബർ 25 മുതൽ തുടങ്ങാനിരുന്ന ലഖ്നൗ മഹോത്സവം ജനുവരിയിലേക്ക് മാറ്റിയതായി സംഘാടകസമിതിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് പ്രകാശ് പ്രഖ്യാപിച്ചു. അയോധ്യയിലെ ബി.ജെ.പി. എം. എൽ.എ. വേദപ്രകാശ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള സേത് എം.ആർ. ജയ്പുരിയ സ്കൂളിൽ നവംബർ 14, 15 തീയതികളിൽ നടക്കേണ്ട വാർഷികവും കായികദിനാഘോഷവും മാറ്റിയതായി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനും മലയാളിയുമായ ലിപ്റ്റിൻ മാത്യു പറഞ്ഞു.