മൗണ്ട് അബു (രാജസ്ഥാൻ): കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമ കേസുകളിൽ (പോക്സോ) ശിക്ഷിക്കപ്പെടുന്നവർക്ക് ദയാഹർജിക്ക് അവസരം നൽകേണ്ടതില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. “ഈ വിഷയത്തിൽ ഭരണഘടനാഭേദഗതി വരുത്തേണ്ടതും അന്തിമതീരുമാനം എടുക്കേണ്ടതും പാർലമെൻറാണ്. പക്ഷേ, ഞങ്ങളുടെയെല്ലാം ചിന്ത ഈ ദിശയിലാണെ”ന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീസുരക്ഷ എന്ന വിഷയത്തിൽ രാജസ്ഥാനിലെ മൗണ്ട് അബുവിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെൺമക്കൾക്കെതിരേ അതിക്രമം വർധിച്ചുവരുന്നതിൽ രാജ്യത്തിന്റെ മനഃസാക്ഷി അസ്വസ്ഥമാണ്. സ്ത്രീകളെ ബഹുമാനിക്കാൻ ആൺകുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട് -രാഷ്ട്രപതി പറഞ്ഞു.

“ഒരു ആൺകുട്ടിയെ വിദ്യാസമ്പന്നനാക്കിയാൽ ഒരു കുടുംബത്തിനാണ് ഗുണഫലം ലഭിക്കുക. എന്നാൽ, ഒരു പെൺകുട്ടിയാണ് വിദ്യാസമ്പന്നയാക്കപ്പെടുന്നതെങ്കിൽ രണ്ട് കുടുംബങ്ങൾക്ക് ഗുണം ലഭിക്കും. ഇത് ഒരു പഴമൊഴിയാണ്. വിദ്യാസമ്പന്നയായ അമ്മയുടെ മക്കൾക്ക് ആ ഗുണം ലഭിക്കാതിരിക്കില്ല. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകത വലുതാണ്. ഇതിന് കേന്ദ്രത്തിന്റെ ജൻധൻ യോജനയ്ക്ക് വലിയ പങ്കുവഹിക്കാനാകും” -അദ്ദേഹം പറഞ്ഞു.

content highlights: Culprits booked underPOCSO Act should not be given the right to file a mercy plea