ന്യൂഡല്‍ഹി: തീരദേശ പരിപാലന നിയമത്തിലെ നിലവിലുള്ള വ്യവസ്ഥകളില്‍ മാറ്റംവരുത്തി പുതിയ വിജ്ഞാപനം കേന്ദ്ര പരിസ്ഥിതിമന്ത്രാലയം ഉടന്‍ പുറത്തിറക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം നീക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥ ഇതിലുണ്ടാവും.

തീരദേശത്ത് മത്സ്യത്തൊഴിലാളികളുടെ വീട് നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള തടസ്സങ്ങള്‍ നീക്കുമെന്നാണറിവ്. വിനോദസഞ്ചാരം ഉള്‍പ്പടെയുള്ള വാണിജ്യാവശ്യങ്ങള്‍ക്കുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴുള്ള തടസ്സങ്ങളും നീക്കും. പരിസ്ഥിതി ദുര്‍ബല മേഖലയില്‍പോലും ഈ ഇളവുണ്ടാകുമെന്നാണ് സൂചന.

2011-ലെ തീരദേശ പരിപാലനചട്ടത്തിന് (സി.ആര്‍.സെഡ്) പകരമായാണ് പുതിയ വിജ്ഞാപനം. മറൈന്‍ ആന്‍ഡ് കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ (എം.സി.ആര്‍.സെഡ്) വിജ്ഞാപനം എന്നാണ് പേര്.

വിദേശരാജ്യങ്ങളില്‍ നിലവിലുള്ള ചട്ടങ്ങള്‍ക്ക് സമാനമായി സാമ്പത്തിക, സാമൂഹിക, സുരക്ഷാ കാര്യങ്ങള്‍ക്ക് ഇളവനുവദിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനം. ഇതനുസരിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് വീടിനുപുറമേ മത്സ്യസംസ്‌കരണ യൂണിറ്റ്, മത്സ്യ ബന്ധനോപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ഷെഡ് തുടങ്ങിയവയും നിര്‍മിക്കാം. ഇവ നിര്‍മിക്കാന്‍ പരിസ്ഥിതി അനുമതി മുന്‍കൂര്‍ വാങ്ങണമെന്ന നിബന്ധനയും ഒഴിവായേക്കും. തീരസംരക്ഷണ മേഖല, വേലിയേറ്റ പരിധിയില്‍നിന്ന് കരഭാഗത്തേക്ക് 500 മീറ്ററോളം നീട്ടാനും പുതിയ വിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ടാവും.

നിലവിലുള്ള ചട്ടം തീരദേശമേഖലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും അനുവദിച്ചിരുന്നില്ല. തീരത്തുനിന്ന് 100 മുതല്‍ 500 വരെ മീറ്റര്‍ ദൂരം പല മേഖലകളായി തിരിച്ചായിരുന്നു നിരോധനം. വേലിയേറ്റ മേഖല അടയാളപ്പെടുത്തിയ കടല്‍, ഉള്‍ക്കടല്‍, കായല്‍, അഴിമുഖം, കടലിടുക്ക്, തടാകം തുടങ്ങിയവയ്ക്കും ചട്ടപ്രകാരമുള്ള നിയന്ത്രണം ബാധകമായിരുന്നു.

നിലവിലെ ചട്ടം കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മിക്കുന്നതിനോ മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനോ സാധിക്കുന്നില്ലെന്ന് കേരളമടക്കമുള്ള തീരദേശ സംസ്ഥാനങ്ങള്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ചട്ടം പരിശോധിക്കാന്‍ നിയോഗിച്ച ശൈലേഷ് നായിക് സമിതിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പുതിയ വിജ്ഞാപനത്തിന് രൂപം കൊടുത്തിരിക്കുന്നത്.

സമിതിയുടെ പ്രധാന ശുപാര്‍ശകള്‍ ചുവടെ

(വിജ്ഞാപനത്തില്‍ ഇവ പൂര്‍ണമായി അംഗീകരിക്കണമെന്നില്ല)

*തീരദേശത്തെ പരിസ്ഥിതിദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കണം

*ജനസാന്ദ്രതയേറിയ ഇടങ്ങളില്‍ വേലിയേറ്റ പരിധിയില്‍ നിന്ന് 50 മീറ്റര്‍ വിട്ടും മറ്റ് തീരപ്രദേശങ്ങളില്‍ 200 മീറ്റര്‍ വിട്ടും നിര്‍മാണ പ്രവര്‍ത്തനം നടത്താം

*മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികള്‍ക്കുള്ള സൗകര്യമൊരുക്കാം

*നിബന്ധനകള്‍ പാലിച്ച് പരിസ്ഥിതിസൗഹൃദ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ നിര്‍മിക്കാം

*വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി ഹോംസ്റ്റേ ഒരുക്കാം

*മത്സ്യത്തൊഴിലാളികള്‍ക്ക് വിനോദസഞ്ചാരം, അലങ്കാരമത്സ്യകൃഷി എന്നിവയില്‍ പങ്കാളിത്തം നല്‍കണം

*തീരദേശത്തെ ചരിത്ര-പുരാവസ്തു താത്പര്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കണം

*തീരദേശത്തെ 30 ശതമാനം പ്രദേശത്ത് മാത്രമായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

*കണ്ടല്‍കാടുകള്‍ സംരക്ഷിക്കണം. ഇവ സംരക്ഷിക്കുന്ന സ്വകാര്യവ്യക്തികള്‍ക്ക് ഈ മേഖലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസ്സം നീക്കണം.