ന്യൂഡല്‍ഹി: ബി.ജെ.പി. ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്നു വാദിച്ച മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ തള്ളി സി.പി.എം. കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച. ഫാസിസ്റ്റ് പ്രവണതകള്‍ പുലര്‍ത്തുന്നതും ആര്‍.എസ്.എസ്. നിയന്ത്രിക്കുന്നതുമായ കേന്ദ്രസര്‍ക്കാറിനെതിരെ വിശാലസമരമുന്നണിയുണ്ടാക്കാനും കേന്ദ്രകമ്മിറ്റിയില്‍ ധാരണയായി. വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ജനാധിപത്യ-മതേതര ശക്തികളെയെല്ലാം ഒപ്പംനിര്‍ത്തും. ഹിന്ദുത്വവര്‍ഗീയത മുഖ്യവിഷയമാക്കി ബഹുജനപ്രക്ഷോഭം ശക്തമാക്കും.

തിരഞ്ഞെടുപ്പു ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ അടവുനയവുമായി ബന്ധമുള്ളതല്ല ഈ വിശാലമുന്നണി. ഈ തീരുമാനത്തോടെ ബി.ജെ.പി.ക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ്സടക്കമുള്ള ജനാധിപത്യ-മതേതര ശക്തികളുമായെല്ലാം സഹകരണത്തിന്റെ വഴിതുറക്കുകയാണ് സി.പി.എം. ഫാസിസ്റ്റ് സംഘടനയായ ആര്‍.എസ്.എസ്സിന്റെ നിയന്ത്രണത്തിലുള്ള പാര്‍ട്ടിയാണ് ബി.ജെ.പി.യെന്നും ഫാസിസ്റ്റ് ഭരണവാഴ്ച സ്ഥാപിക്കപ്പെടുംമുമ്പ് അതിനെ ചെറുത്തുതോല്‍പ്പിക്കണമെന്നുമുള്ള ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിന്റെ വിജയമാണ് കമ്മിറ്റിയിലെ ചര്‍ച്ചയില്‍ പ്രകടമായത്.

ആര്‍.എസ്.എസ്. ഫാസിസ്റ്റ് സംഘടനയാണെന്ന് പാര്‍ട്ടി പരിപാടിതന്നെ വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടി യോഗത്തില്‍ കാരാട്ടിനെ ബംഗാള്‍നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. ബി.ജെ.പി.യെ വേറൊരുരീതിയില്‍ ചിത്രീകരിച്ച് പാര്‍ട്ടിനയം ദുര്‍ബലപ്പെടുത്തുന്നതാണ് കാരാട്ടിന്റെ നടപടി. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളും ദളിത്-ന്യൂനപക്ഷവേട്ടയുമൊക്കെ ഫാസിസത്തിന്റെ തെളിവുകളാണ്. ഈ സാഹചര്യത്തില്‍ ബി.ജെ.പി.ക്ക് വിശുദ്ധസര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് കാരാട്ടെന്നും വിമര്‍ശമുണ്ടായി.

ബി.ജെ.പി.ക്കെതിരെ പ്രചാരണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ യെച്ചൂരിയെ പിന്തുണച്ചു. കേരളത്തില്‍ ബി.ജെ.പി.യുടെ വളര്‍ച്ചയും ആര്‍.എസ്.എസ്. അക്രമങ്ങളുമൊക്കെ വി.എസ്. പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രകമ്മിറ്റിയില്‍ ദേശീയവിഷയങ്ങളുടെ ചര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു കാരാട്ടിനെതിരെയുള്ള വിമര്‍ശനവും ഫാസിസത്തെക്കുറിച്ചുള്ള വിചാരണയും. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാറിനെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാന്‍ ധാരണയായത്. കേന്ദ്രകമ്മിറ്റി യോഗം തിങ്കളാഴ്ച സമാപിക്കും.