മുംബൈ: സേവിങ്‌സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, സ്ഥിരനിക്ഷേപം, റിക്കറിങ് നിക്ഷേപം എന്നിങ്ങനെ ബാങ്കുകളിലെ എല്ലാ നിക്ഷേപങ്ങള്‍ക്കുമുണ്ട് ഇന്‍ഷുറന്‍സ് പരിരക്ഷ.

അഞ്ചുലക്ഷം രൂപ വരെയാണ് ഇതിന്റെ പരിധിയെന്നുമാത്രം. റിസര്‍വ് ബാങ്കിനുകീഴിലുള്ള നിക്ഷേപ ഇന്‍ഷുറന്‍സ് - ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ഡി.ഐ.സി.ജി.സി.) ആണ് ബാങ്കു നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നത്.

പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, റീജണല്‍ റൂറല്‍ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, പേമെന്റ് ബാങ്കുകള്‍ എന്നിങ്ങനെ ബാങ്കിന്റെ നിര്‍വചനത്തില്‍ വരുന്ന എല്ലാത്തിലെയും നിക്ഷേപങ്ങള്‍ക്ക് ഈ സുരക്ഷ ലഭിക്കും. സഹകരണ സൊസൈറ്റികള്‍ ബാങ്കിന്റെ നിര്‍വചനത്തില്‍ വരാത്തതിനാല്‍ ഇതിന്റെ ഭാഗമാകില്ല. നിക്ഷേപിക്കുന്ന തുകയും അതിന്റെ പലിശയുമടക്കം പരമാവധി അഞ്ചു ലക്ഷം രൂപയ്ക്കു മാത്രമേ പരിരക്ഷയുണ്ടാകൂ.

ബാങ്കിലെ ശരാശരി നിക്ഷേപം കണക്കാക്കി 100 രൂപയ്ക്ക് 12 പൈസയാണ് പ്രീമിയമായി ഈടാക്കുന്നത്. ആറുമാസം കൂടുമ്പോള്‍ ബാങ്കുകള്‍ തന്നെയാണ് ഈ തുക അടയ്‌ക്കേണ്ടത്. നിക്ഷേപകനില്‍നിന്ന് ഈടാക്കാന്‍ പാടില്ല.

വ്യക്തിഗത അക്കൗണ്ടുകളെല്ലാം ഇതിന്റെ പരിധിയില്‍ വരും. ഒരേ ബാങ്കുശാഖയിലോ ഒരേ ബാങ്കിന്റെ വിവിധ ശാഖകളിലോ ഒന്നിലധികം അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ (സേവിങ്‌സ് അക്കൗണ്ട്, സ്ഥിരനിക്ഷേപം, റെക്കറിങ് നിക്ഷേപം എന്നിങ്ങനെ) എല്ലാം ചേര്‍ത്താണ് അഞ്ചുലക്ഷത്തിന്റെ പരിരക്ഷ ലഭിക്കുക. വ്യത്യസ്ത ബാങ്കുകളിലെ അക്കൗണ്ടുകള്‍ പ്രത്യേകമായി പരിഗണിക്കും. വ്യക്തിഗത അക്കൗണ്ട്, ജോയിന്റ് അക്കൗണ്ട്, ഒരു സംരംഭത്തിലെ പങ്കാളി, കമ്പനി ഡയറക്ടര്‍ എന്നീ നിലകളില്‍ വ്യത്യസ്ത അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അവ ഓരോന്നും പ്രത്യേകമായി കണക്കാക്കും.

ഒരേ ബാങ്കുശാഖയില്‍ അല്ലെങ്കില്‍ ഒരേ ബാങ്കിന്റെ വ്യത്യസ്ത ശാഖകളില്‍ ഒന്നിലധികം ജോയിന്റ് അക്കൗണ്ടുകളുണ്ടെങ്കില്‍ എല്ലാ അക്കൗണ്ടിനും പരിരക്ഷ ലഭിക്കണമെന്നില്ല. ഈ അക്കൗണ്ടുകളിലെ ഉടമകളുടെ സ്ഥാനമനുസരിച്ചായിരിക്കും ഇന്‍ഷുറന്‍സ്. ഉദാഹരണമായി എ, ബി എന്നിങ്ങനെ രണ്ടു പേരുടെ ജോയിന്റ് അക്കൗണ്ടുകളിലൊന്നില്‍ എ ആദ്യവും ബി രണ്ടാമതുമാണ്. രണ്ടാമത്തേതില്‍ ബി ആദ്യവും എ രണ്ടാമതും. ഈ രണ്ട് അക്കൗണ്ടുകളും പ്രത്യേകമായി പരിഗണിക്കും.

ബാങ്കുകള്‍ തകര്‍ന്നാല്‍ നിക്ഷേപകന് നേരിട്ട് ഡി.ഐ.സി.ജി.സി.യില്‍ ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യാനാകില്ല. ലിക്വിഡേറ്റര്‍ മുഖേനയാണ് തുക വിതരണം ചെയ്യുക. ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ മോറട്ടോറിയത്തിലായാല്‍ 90 ദിവസത്തിനകം ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുകയാണ് പുതിയ നിയമഭേദഗതിവഴി വരുന്ന മാറ്റം. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക്, യെസ് ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് എന്നിവയില്‍ സമീപകാലത്തുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

നേരത്തെ ബാങ്കിന്റെ ലിക്വിഡേഷന്‍ കഴിയുന്നതുവരെയോ പ്രതിസന്ധിയിലായ ബാങ്ക് പുനഃസംഘടിപ്പിക്കുന്നതു വരെയോ നിക്ഷേപകര്‍ കാത്തിരിക്കണമായിരുന്നു. മോറട്ടോറിയം പരിധിയിലാകുന്ന ബാങ്കുകളില്‍നിന്ന് ഡി.ഐ.സി.ജി.സി. 45 ദിവസത്തിനകം നിക്ഷേപ അക്കൗണ്ടുകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കണം. 90 ദിവസത്തിനകം വിവരങ്ങള്‍ പരിശോധിച്ച് പണം വിതരണം ചെയ്യണമെന്നാണ് ഭേദഗതിയിലുള്ളത്.

content highlights: credit guarantee corporation of india assures insurance to bank deposits