നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരീക്ഷിച്ച്‌ പാളിയ സഖ്യതന്ത്രങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരിഹരിച്ച്‌ മുന്നോട്ടുപോവാൻ സി.പി.എം. പൊളിറ്റ്ബ്യൂറോയിൽ ധാരണ. പൊതുതിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾക്ക് അന്തിമരൂപം നൽകാനായി ശനിയാഴ്ച തുടങ്ങുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ സംസ്ഥാനതല സഖ്യങ്ങൾക്കുള്ള പ്രായോഗികനിർദേശം പി.ബി മുന്നോട്ടുവെയ്ക്കും.

അതേസമയം, കിസാൻസഭ മുൻകൈയെടുത്ത്‌ നടത്തിയ കർഷകപ്രക്ഷോഭങ്ങളുടെ പ്രതിഫലനം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യെ പരാജയപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്ന്‌ പി.ബി. വിലയിരുത്തി. യുവതി നൽകിയ ലൈംഗികപീഡന പരാതിയിൽ ഷൊർണൂർ എം.എൽ.എ. പി.കെ.ശശിക്കെതിരേ സംസ്ഥാനഘടകമെടുത്ത അച്ചടക്കനടപടി കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്കുവെയ്ക്കാനും തീരുമാനിച്ചു.

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മുൻകൈയെടുത്ത്‌ രൂപവത്കരിച്ച ബഹുജൻ ലെഫ്റ്റ് എന്ന സഖ്യം പാളിയെന്നാണ് പി.ബി.യുടെ വിലയിരുത്തലെന്ന് അറിയുന്നു. അവിടെ കോൺഗ്രസിനൊപ്പം ചേർന്നായിരുന്നു സി.പി.ഐ. മത്സരിച്ചത്. എന്നാൽ, സി.പി.എം. മറ്റ്‌ ചെറുകക്ഷികളെ ചേർത്ത്‌ ബഹുജൻ ലെഫ്റ്റ് രൂപവത്കരിച്ച്‌ മത്സരിച്ചു. ഇത്‌ ദയനീയമായി പരാജയപ്പെട്ടു. ബി.ജെ.പി.ക്കോ അവരോട് അനുഭാവം പുലർത്തുന്ന തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആർ.എസിനോ വെല്ലുവിളി ഉയർത്താൻ ഈ മുന്നണിക്കായില്ല. ഇത്തരം പരീക്ഷണങ്ങൾ പുനഃപരിശോധിച്ച്‌ ഇടതുസഖ്യം ശക്തിപ്പെടുത്തി മുന്നോട്ടു നീങ്ങാനാണ് ധാരണ.

കോൺഗ്രസും ബി.ജെ.പി.യും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടിയ രാജസ്ഥാനിലും സി.പി.എം. മുൻകൈയെടുത്ത്‌ മുന്നണിയുണ്ടായിരുന്നു. രാജസ്ഥാൻ ഗണതന്ത്ര മോർച്ച എന്ന പേരിലുള്ള മുന്നണിയിൽ സി.പി.എം. 28 സീറ്റുകളിൽ മത്സരിച്ചു. ഇതിൽ രണ്ടുസീറ്റ്‌ നേടാനായി. സംസ്ഥാനത്ത്‌ വിജയം കണ്ടെങ്കിലും ബി.ജെ.പി.ക്കെതിരേയുള്ള വോട്ടുകൾ ഭിന്നിക്കുന്നതിന് പല മണ്ഡലങ്ങളിലും ഈ മുന്നണി ഇടയാക്കിയെന്ന വിലയിരുത്തലുണ്ട്. അത്തരം പിഴവുകൾ നികത്തി പൊതുതിരഞ്ഞെടുപ്പിൽ മുന്നോട്ടുപോവും. സംഘടനാശേഷിയുള്ള കുറച്ചുമണ്ഡലങ്ങളിൽമാത്രം മത്സരിച്ച്, ശേഷിക്കുന്നവയിൽ ബി.ജെ.പി.യെ പരാജയപ്പെടുത്താനുള്ള തന്ത്രമെന്ന പാർട്ടി കോൺഗ്രസ് നയം കർശനമായി രാജസ്ഥാനിൽ ഉൾപ്പെടെ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീകരിക്കാനാണ് ധാരണ.