ന്യൂഡൽഹി: കേന്ദ്രസർക്കാർ കേരളത്തോട് വിവേചനവും നിഷേധാത്മക സമീപനവും കാണിക്കുകയാണെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോയുടെ വിമർശം.

നടപ്പുസാമ്പത്തികവർഷം 24,915 കോടി രൂപയാണ് പൊതുവായ്പയായി കേരളത്തിന് ലഭിക്കേണ്ടത്. എന്നാൽ, 16,602 കോടി രൂപയേ നൽകിയിട്ടുള്ളൂ. 2016-17 വർഷത്തിൽ പൊതുകടം വർധിച്ചെന്ന് കുറ്റപ്പെടുത്തി തുക കേന്ദ്രം വെട്ടിക്കുറയ്ക്കുകയായിരുന്നു. 1600 കോടി രൂപയുടെ ജി.എസ്.ടി. നഷ്ടപരിഹാരവും കേരളത്തിന്‌ ലഭിച്ചിട്ടില്ല. പ്രളയ നഷ്ടപരിഹാരം നൽകുന്നതിലും വിവേചനം കാണിച്ചതായി പി.ബി. കുറ്റപ്പെടുത്തി.

തൊഴിലുറപ്പുപദ്ധതിയിൽ 1215 കോടി രൂപയാണ് കേന്ദ്രം നൽകാനുള്ള കുടിശ്ശിക. നെല്ലുസംഭരണത്തിൽ 1035 കോടി രൂപയും നൽകാനുണ്ട്. പ്രളയദുരന്തത്തിൽ 2100 കോടിയുടെ കണക്ക്‌ സമർപ്പിച്ചെങ്കിലും കേന്ദ്രം കേരളത്തെ അവഗണിച്ചു -പി.ബി. വിമർശിച്ചു.

പൗരത്വഭേദഗതി, പൗരത്വരജിസ്റ്റർ എന്നിവയോടുള്ള സംയുക്തപ്രതിപക്ഷപ്രതിഷേധത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിൽക്കുകയാണെങ്കിലും എല്ലാ മതേതര-ജനാധിപത്യ പാർട്ടികളെയും സി.പി.എം. സ്വാഗതംചെയ്തു. പൗരത്വഭേദഗതി തള്ളിയ സംസ്ഥാനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

പൗരത്വഭേദഗതി വിഷയത്തിൽ ജാമിയ മിലിയ ഇസ്‍ലാമിയ, അലിഗഢ്‌ സർവകലാശാലകളിൽ പ്രതിഷേധക്കാർക്കുനേരെയുണ്ടായ പോലീസ് നടപടിയെയും പി.ബി. അപലപിച്ചു. ജെ.എൻ.യു.വിലെ ഇടതുവിദ്യാർഥി യൂണിയൻ നേതാക്കളെ ആക്രമിച്ചവർക്കെതിരേ നടപടി വേണം, ഫീസ് വർധന പിൻവലിക്കാൻ മാനവശേഷി വികസന മന്ത്രാലയം ഇടപെടണം, ജെ.എൻ.യു. വി.സി.യെ പുറത്താക്കണം.

ഈ മാസം 17 മുതൽ 19 വരെ തിരുവനന്തപുരത്ത് കേന്ദ്രകമ്മിറ്റി യോഗം ചേരും. ഇതിൽ അവതരിപ്പിക്കേണ്ട കരട്‌ രാഷ്ട്രീയറിപ്പോർട്ടും പി.ബി. ചർച്ചചെയ്തു.

Content Highlights: cpm pb blames union government