ഹൈദരാബാദ്: മൂന്നുവര്‍ഷത്തിനിടെ ബംഗാളിലെ സി.പി.എം. അംഗങ്ങളുടെ എണ്ണം അരലക്ഷത്തിലേറെ കുറഞ്ഞു. ഹൈദരാബാദിലെ പാര്‍!ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള സംഘടനാ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.

ഇപ്പോള്‍ ബംഗാളില്‍ 2,48,000 പാര്‍ട്ടി അംഗങ്ങളാണ് ഉള്ളത്. വിശാഖപട്ടണത്തു നടന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസുമായി താരതമ്യം ചെയ്യുമ്പോള്‍ 52,000 അംഗങ്ങളുടെ കുറവ്. കൊല്‍ക്കത്ത പ്ലീനം അംഗത്വത്തിന് കര്‍ശനവ്യവസ്ഥ കൊണ്ടുവന്നിരുന്നു. പാര്‍ട്ടി രീതികള്‍ക്ക് യോജിക്കാത്തവരെ അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഇതാണ് എണ്ണം കുറയാനുള്ള കാരണമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.


സ്‌കൂളിലും മറ്റും ആര്‍.എസ്.എസ്. നടത്തുന്ന സാമൂഹികപ്രവര്‍ത്തനങ്ങളെക്കുറിച്ചും സംഘടനാറിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ആരോഗ്യരംഗത്തും ചേരികള്‍ കേന്ദ്രീകരിച്ചും ആര്‍.എസ്.എസ്. പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള സാമൂഹികപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. അല്ലാതെ, തിരഞ്ഞെടുപ്പുസഖ്യങ്ങള്‍ കൊണ്ടു മാത്രം മുന്നോട്ടുപോവാന്‍ കഴിയില്ല -സംഘടനാ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.