ന്യൂഡല്‍ഹി: പിണറായി സര്‍ക്കാര്‍ പ്രതിരോധത്തിലായ പോലീസ് വിവാദത്തെത്തുടര്‍ന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയെ മാറ്റാന്‍ നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സി.പി.എം. കേന്ദ്രനേതൃത്വം. ഒരുവിഭാഗം മലയാളമാധ്യമങ്ങള്‍ നല്‍കിയിട്ടുള്ള വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതും കെട്ടിച്ചമച്ചതുമാണെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അറിയിച്ചു.

സി.പി.എം. കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വവുമായി സംസാരിച്ചെന്നും ചില ഉദ്യോഗസ്ഥരെ മാറ്റാന്‍ ആവശ്യപ്പെട്ടെന്നുമാണ് വന്ന വാര്‍ത്തകള്‍. ഇത് അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണ്. ഈ വിഷയങ്ങള്‍ പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും സി.പി.എം. പി.ബി. വ്യക്തമാക്കി.