ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അവലോകനം അജൻഡയായ സി.പി.എം. കേന്ദ്രകമ്മിറ്റി യോഗത്തിൽ കേരള-ബംഗാൾ തർക്കം. നിയമസഭയിൽ ഒറ്റ എം.എൽ.എ.യുമില്ലാത്ത വിധത്തിൽ കനത്ത തകർച്ച നേരിടേണ്ടിവന്നത് ബംഗാൾ നേതൃത്വം കൈക്കൊണ്ട തിരഞ്ഞെടുപ്പുതന്ത്രത്തിന്റെ വീഴ്ചയാണെന്ന അതിരൂക്ഷവിമർശവുമായി കേരള ഘടകം കടന്നാക്രമണം നടത്തി. ബി.ജെ.പി.യെ മുഖ്യശത്രുവായിയ കാണുന്നതിനുപകരം ബി.ജെ.പി.യെയും തൃണമൂലിനെയും തുല്യമായിക്കണ്ടുള്ള സമീപനം സ്വീകരിച്ചതാണ് പരാജയത്തിനു കാരണമെന്നും അവർ കുറ്റപ്പെടുത്തി. ചില നേതാക്കൾക്ക് കോൺഗ്രസിനോട് ദൗർബല്യമുണ്ടെന്ന് കേരളഘടകം തുറന്നടിച്ചത് ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെയുള്ള ഒളിയമ്പായി.

ആന്ധ്രാപ്രദേശിലെ അംഗങ്ങളും വിമർശവുമായെത്തിയതോടെ ബംഗാൾഘടകം പ്രതിരോധനിര തീർത്തു. പാർട്ടി കോൺഗ്രസ് നയമനുസരിച്ചുള്ള തിരഞ്ഞെടുപ്പു തന്ത്രമാണ് തങ്ങൾ തിരഞ്ഞെടുപ്പിൽ സ്വീകരിച്ചതെന്ന് റെബിൻ ദേവ് ഉൾപ്പെടെയുള്ള നേതാക്കൾ വാദിച്ചു. ബി.ജെ.പി.യെയും തൃണമൂൽ കോൺഗ്രസിനെയും ഒരുപോലെ കണ്ടിട്ടില്ല, ഒരുപോലെ എതിർക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ബി.ജെ.പി.യും തൃണമൂലും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നുള്ള പ്രചാരണത്തിന് ജനങ്ങൾക്കിടയിൽ വിശ്വാസ്യത സൃഷ്ടിക്കാനായില്ല. ബി.ജെ.പി.യെ എതിർക്കാൻ തൃണമൂലിനേ കഴിയൂവെന്ന ധാരണ വോട്ടർമാരിൽ ബലപ്പെട്ടു. അതോടെ ഇടതുപക്ഷം നടത്തിയ ബി.ജെ.പി.വിരുദ്ധ പ്രചാരണവും തൃണമൂലിനു പ്രയോജനപ്പെട്ടു. -ബംഗാൾ നേതാക്കൾ യോഗത്തിൽ വാദിച്ചു.

ബി.ജെ.പി.യെ മുഖ്യശത്രുവായി കാണണമെന്നാണ് പാർട്ടി കോൺഗ്രസിന്റെ നയമെന്ന് ഇതിനു കേരളനേതാക്കൾ മറുപടി നൽകി. പാർട്ടി പത്തുലക്ഷം പേരെ പങ്കെടുപ്പിച്ച് റാലി നടത്തിയെങ്കിലും അതൊന്നും ബംഗാളിൽ വോട്ടായി മാറിയില്ല. ബംഗാൾ ഘടകം തെറ്റുകൾ തിരുത്തണമെന്നും ആവശ്യമുയർന്നു. ജനകീയ വിഷയങ്ങളിൽ പ്രക്ഷോഭം ഏറ്റെടുത്ത് പാർട്ടിയുടെ വേരുറപ്പിക്കണമെന്നും സി.സി.യിൽ അഭിപ്രായമുയർന്നു.

കേരളത്തിൽ തുടർഭരണം നേടിയെങ്കിലും മൂന്നു ജില്ലകളിൽ വോട്ടു കുറഞ്ഞത് പരിശോധിക്കണമെന്ന് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിൽ പാർട്ടി ചോദിച്ച സീറ്റുകൾ ഡി.എം.കെ. സഖ്യം നൽകിയിരുന്നെങ്കിൽ വിജയം നാലാവുമായിരുന്നുവെന്നാണ് വിലയിരുത്തൽ. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം പൊതുവിൽ ബി.ജെ.പി.വിരുദ്ധ വിധിയെഴുത്താണെന്നും യോഗം വിലയിരുത്തി.

തുടർഭരണത്തിൽ പ്രശംസ; കേരള ഘടകത്തിന് ജാഗ്രതാനിർദേശവും

ന്യൂഡൽഹി: അഞ്ചുവർഷം ഭരണം മാറുന്ന പതിവുമാറ്റി തുടർഭരണം നേടിയതിൽ കേന്ദ്രകമ്മിറ്റിയിൽ കേരളഘടകത്തിന് പ്രശംസ. പ്രളയവും രാഷ്ട്രീയ കടന്നാക്രമണവുമൊക്കെ അതിജീവിച്ചാണ് ഇടതുസർക്കാർ തുടർഭരണം കൈവരിച്ചതെന്നും യോഗം അഭിനന്ദിച്ചു.

എന്നാൽ, ബംഗാളിലെ തകർച്ചയിൽനിന്നു കേരളത്തിലെ പാർട്ടിയും പാഠം ഉൾക്കൊള്ളണമെന്ന് കേന്ദ്രനേതാക്കൾ മുന്നറിയിപ്പു നൽകി. തുടർച്ചയായി ഭരണമുണ്ടാവുമ്പോൾ പാർട്ടി നേതാക്കളിലും പ്രവർത്തകരിലും അഹങ്കാരമനോഭാവം വളർന്നു വരാൻ സാധ്യതയുണ്ട്. അഴിമതിക്കുള്ള പ്രവണതയും ഉണ്ടായേക്കാം. ഇവയിൽ അതീവജാഗ്രത പുലർത്തണം -യോഗം നിർദേശിച്ചു.\

Content Highlights: cpm kerala and bengal comes head to head