: കേരളത്തിലെ പ്രളയപുനരധിവാസ പ്രവർത്തനങ്ങളുടെ കൺസൾട്ടൻസി ചുമതലയിൽനിന്ന്‌ കെ.പി.എം.ജി. എന്ന അന്താരാഷ്ട്ര ഏജൻസിയെ ഒഴിവാക്കാൻ സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. വിവിധ രാജ്യങ്ങളിൽ കമ്പനിക്കെതിരേ ഉയർന്നിട്ടുള്ള അഴിമതി ആരോപണങ്ങളും വിശ്വാസ്യതക്കുറവും പരിഗണിച്ച്‌ കെ.പി.എം.ജി.യുമായി മുന്നോട്ടുപോവേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം സംസ്ഥാനഘടകത്തിനും മുഖ്യമന്ത്രി പിണറായി വിജയനും നിർദേശം നൽകി.

സി.പി.എമ്മിന്‌ ശക്തമായ സ്വാധീനമുള്ള കേരളത്തിൽ കോർപ്പറേറ്റ് ഏജൻസിയെ പ്രളയപുനർനിർമാണം ഏല്പിച്ചതിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ളവർക്കുള്ള നീരസം വ്യക്തമാക്കുന്നതു കൂടിയാണ് ഈ ഇടപെടൽ. പ്രതിപക്ഷത്തിന്റെയടക്കമുള്ള എതിർപ്പുകൾ അവഗണിച്ച് കെ.പി.എം.ജി.യുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച സർക്കാരിന്‌ കേന്ദ്രനേതൃത്വത്തിന്റെ കർശനമായ ഇടപെടൽ തിരിച്ചടിയായി.

പ്രളയ പുനർനിർമാണം കോർപ്പറേറ്റ് ഏജൻസിയെ ഏല്പിച്ചതിനെതിരേ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, സി.പി.എം. സൈദ്ധാന്തികനും കേരള ആസൂത്രണ ബോർഡ് മുൻ അധ്യക്ഷനുമായ പ്രഭാത് പട്‌നായിക് എന്നിവർ രംഗത്തുവന്നിരുന്നു. വി.എസ്‌. ആവട്ടെ കേന്ദ്രനേതൃത്വത്തെ രേഖാമൂലം പരാതി അറിയിച്ചു. ഇടതുപക്ഷ അവബോധത്തിലൂന്നിയുള്ളതാവണം നവകേരള നിർമിതിയെന്നാണ് അദ്ദേഹത്തിന്റെ വാദം. അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കിയ കേരളത്തിൽ പ്രളയപുനർനിർമാണം ഏതെങ്കിലും കൺസൾട്ടൻസി ഏജൻസിയെ ഏല്പിക്കേണ്ട കാര്യമില്ലെന്ന്‌ പ്രൊഫ. പ്രഭാത് പട്‌നായിക് പരസ്യ നിലപാടെടുത്തിരുന്നു.ധനസമാഹരണത്തെക്കാൾ ജനകീയ പങ്കാളിത്തമാണ് പുനർനിർമാണത്തിൽ അനിവാര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം വിമർശനങ്ങൾ കണക്കിലെടുത്താണ് കെ.പി.എം.ജി.യെ ഒഴിവാക്കണമെന്ന്‌ കേന്ദ്രനേതൃത്വം നിർദേശിച്ചതെന്ന്‌ സി.പി.എം വൃത്തങ്ങൾ ‘മാതൃഭൂമി’യോടുപറഞ്ഞു.

ബ്രിട്ടൻ, അമേരിക്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലൊക്കെ കെ.പി.എം.ജി. അന്വേഷണം നേരിടുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. അമേരിക്കയിൽ നികുതിവെട്ടിപ്പിന്‌ ക്രിമിനൽ കേസുണ്ടായിരുന്നു. യു.എ.ഇ.യിൽ ഓഹരി സ്ഥാപനവുമായി ബന്ധപ്പെട്ട കേസിൽ ഈ ഏജൻസി അന്വേഷണം നേരിടുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ സാമ്പത്തിക കുറ്റകൃത്യം സംബന്ധിച്ച് അന്വേഷണം നേരിടുന്ന ഏജൻസിയെ പ്രളയപുനരധിവാസം ഏൽപിക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സർക്കാരിന്‌ കത്തു നൽകിയിരുന്നു.