ന്യൂഡൽഹി: ബി.ജെ.പി.യെ തോൽപ്പിക്കാനുള്ള പ്രതിപക്ഷ ഐക്യം എങ്ങനെ വികസിപ്പിക്കണമെന്നതു സംബന്ധിച്ച് പാർട്ടി കോൺഗ്രസിലേക്ക് കരടു രാഷ്ട്രീയപ്രമേയം തയ്യാറാക്കാനുള്ള സി.പി.എം. കേന്ദ്രകമ്മിറ്റി വെള്ളിയാഴ്ച തുടങ്ങും.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള കേരളത്തിലെ നേതാക്കൾ മൂന്നുദിവസത്തെ യോഗത്തിൽ പങ്കെടുക്കും. കോവിഡ് സാഹചര്യത്തെത്തുടർന്ന് ഒന്നരവർഷത്തിനുശേഷമാണ് നേതാക്കൾ നേരിട്ടു പങ്കെടുക്കുന്ന സി.സി. യോഗം. സാമൂഹികാകലം പാലിച്ച് അംഗങ്ങളെ ഇരുത്താൻ സൗകര്യത്തിനായി പാർട്ടി ആസ്ഥാനമായ എ.കെ.ജി. ഭവനു പകരം സി.പി.എം. ദേശീയ പഠനകേന്ദ്രമായ സുർജിത് ഭവനിലാണ് ഇത്തവണ യോഗം.

ഇടതുപക്ഷ ആശയത്തിൽ ഊന്നിയുള്ള പ്രതിപക്ഷ ഐക്യം രാജ്യത്തു വികസിപ്പിക്കണമെന്നാണ് ഈ മാസമാദ്യം ചേർന്ന പി.ബി. തയ്യാറാക്കിയ കരടുരേഖ. ഇന്ത്യയിലെ ഏക ഭരണവർഗപാർട്ടി എന്ന നിലയിലേക്ക് ബി.ജെ.പി. കരുത്താർജിച്ചത് കാണാതെ പോവരുത്. ബി.ജെ.പി.യെ മുഖ്യശത്രുവായി ഉയർത്തിക്കാട്ടണമെന്ന നിലപാടിൽ മാറ്റമില്ല. ഇതിനായി കോൺഗ്രസ് അടക്കമുള്ള പാർട്ടികളുമായി കൂടുതൽ ഐക്യപ്പെട്ടുള്ള പ്രതിപക്ഷസഖ്യം വേണമെന്നാണ് പി.ബി. അംഗീകരിച്ച റിപ്പോർട്ടിലെ വാദം. കോൺഗ്രസ് സഖ്യം പുനഃപരിശോധിക്കണമെന്ന് കേരളഘടകം ആവശ്യമുന്നയിച്ചെങ്കിലും പി.ബി. അംഗീകരിച്ചിട്ടില്ല.

ബി.ജെ.പി.ക്കു ബദലാവാൻ കോൺഗ്രസിന് കഴിയില്ലെന്ന് ഈയിടെ ചിന്തയിൽ എഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാദമുന്നയിച്ചിരുന്നു. രാഷ്ട്രീയപ്രമേയം ചർച്ച ചെയ്യാനുള്ള സി.സി.ക്കു മുന്നോടിയായി അദ്ദേഹം ഇങ്ങനെയൊരു നിലപാടു വ്യക്തമാക്കിയത് കേരള ഘടകത്തിന്റെ പടയൊരുക്കത്തിന്റെ പ്രതിഫലനമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ ഐക്യനിരയുടെ നേതൃത്വം കോൺഗ്രസിനു വിട്ടുകൊടുക്കുന്നതിലെ എതിർപ്പ് കേരളഘടകം ശക്തമാക്കിയാൽ സി.സി.യിൽ ഏറ്റുമുട്ടലിനു വഴിയൊരുങ്ങും. അതേസമയം, ബി.ജെ.പി. വിരുദ്ധചേരി കേവലം കോൺഗ്രസ് ബന്ധത്തിലേക്ക് ഊന്നുന്നതിൽ അർഥമില്ലെന്നാണ് ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ളവരുടെ വാദം. ദളിത്-ന്യൂനപക്ഷ-സന്നദ്ധ സംഘടനകളുമായി ചേർന്നുള്ള ബദൽ മുന്നണി വേണമെന്ന് ആവശ്യമുയർന്നെങ്കിലും പി.ബി. ഗൗരവമായി പരിഗണിച്ചിട്ടില്ല.

ബി.ജെ.പി.ക്കേതിരേയുള്ള പ്രതിപക്ഷ ഐക്യം ഇടതുപക്ഷ ആശയത്തിൽ ഊന്നിയുള്ളതാവണം. സി.പി.എമ്മിന് അതിൽ മുഖ്യപങ്കാളിത്തം വഹിക്കാനാവുന്ന രാഷ്ട്രീയപ്രമേയം ആവിഷ്കരിക്കണമെന്ന യെച്ചൂരിയുടെ വാദത്തോട് പി.ബി. പൊതുവേ യോജിച്ചു. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ പാർട്ടിക്കു സ്വതന്ത്രമായ ശക്തി ഇല്ലാത്തതിനാൽ ബി.ജെ.പി.വിരുദ്ധ വിശാല ഐക്യം വേണമെന്നും വിലയിരുത്തി. സി.സി.യിലെ ചർച്ചകൾക്കു ശേഷമേ കരടുരേഖയ്ക്ക് അന്തിമരൂപമാവൂ.

content highlights: cpm central committee to start from today