ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായുള്ള ആസാദി കാ അമൃതമഹോത്സവം ചരിത്രം വളച്ചൊടിക്കാനുള്ള അവസരമാക്കുകയാണ് കേന്ദ്രസർക്കാരെന്ന് സി.പി.എമ്മിന്റെ വിമർശനം. ചരിത്രം തിരുത്തിയെഴുതാനും വക്രീകരിക്കാനുമാണ് സർക്കാരിന്റെ ശ്രമം. ആർ.എസ്.എസിനെയും ഹിന്ദുത്വഘടകങ്ങളെയും ഒളിച്ചുകടത്താനാണ് നീക്കമെന്നും സി.പി.എം. മുഖവാരികയായ ‘പീപ്പിൾസ് ഡെമോക്രസി’യുടെ എഡിറ്റോറിയൽ കുറ്റപ്പെടുത്തി.

ജനുവരി 11-ന് വാർത്താപ്രക്ഷേപണ മന്ത്രാലയത്തിനുകീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രസ്താവിച്ചത് 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പ്രചോദനം സ്വാമി വിവേകാനന്ദനും രമണ മഹർഷിയുമാണെന്നാണ്. വിവേകാനന്ദൻ ജനിച്ചത് 1863-ലായിരുന്നു. രമണമഹർഷി ജനിച്ചതാവട്ടെ 1879-ലും. ഇവർ ഒന്നാം സ്വാതന്ത്ര്യസമരത്തെ സ്വാധീനിച്ചെന്നുപറയുന്നത് വിഡ്ഢിത്തമാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതേതര-ജനാധിപത്യസ്വഭാവം മാറ്റാനാണ് മോദി സർക്കാരിന്റെയും ആർ.എസ്.എസിന്റെയും ശ്രമം.

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് 80 ശതമാനവും 20 ശതമാനവും തമ്മിലുള്ള മത്സരമാണെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചത്. പത്തൊമ്പതുശതമാനമാണ് യു.പി.യിലെ മുസ്‍ലിം ജനസംഖ്യ. യു.പി. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ ദുരുദ്ദേശ്യം വ്യക്തമാണെന്നും സി.പി.എം. അഭിപ്രായപ്പെട്ടു. ഹരിദ്വാറിൽ സന്ന്യാസിമാരും ഹിന്ദുത്വസംഘടനകളും സംഘടിപ്പിച്ച മതസമ്മേളനത്തിൽ വിദ്വേഷപ്രസംഗം നടത്തിയതിനെയും എഡിറ്റോറിയൽ രൂക്ഷമായി വിമർശിച്ചു.