കൊൽക്കത്ത: സി.പി.എം. പശ്ചിമ ബംഗാൾ സംസ്ഥാന മുൻസെക്രട്ടറി പരേതനായ അനിൽ ബിശ്വാസിന്റെ മകൾ അജന്ത ബിശ്വാസിനെതിരേ പാർട്ടി അച്ചടക്ക നടപടിക്കൊരുങ്ങുന്നു. തൃണമൂൽ കോൺഗ്രസിന്റെ മുഖപത്രത്തിൽ അജന്ത ലേഖനമെഴുതിയതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

നിലപാട് വ്യക്തമാക്കണമെന്നും അച്ചടക്കനടപടി എടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പാർട്ടി അജന്തയ്ക്ക് നോട്ടീസ് നൽകി. പാർട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്ന നടപടിയാണ് അജന്തയുടേതെന്നും ഇടതുപക്ഷ പ്രവർത്തകരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും സംസ്ഥാന കമ്മിറ്റിയംഗവും കൊൽക്കത്ത ജില്ലാ സെക്രട്ടറിയുമായ കല്ലോൽ മജുംദാർ പറഞ്ഞു.

‘ബംഗാളിലെ സ്ത്രീശക്തി’ എന്ന തലക്കെട്ടിൽ രണ്ട് ഭാഗങ്ങളിലായാണ് അജന്തയുടെ ലേഖനം വന്നത്. ഇതിൽ മമതാ ബാനർജിയുടെ ഗുണഗണങ്ങൾ എടുത്തുപറഞ്ഞ് പ്രശംസിച്ചിട്ടുണ്ട്. പിന്നാലെ താരതമ്യമില്ലാത്ത പോരാട്ടം നടത്തിയാണ് മമത വംഗരാഷ്ട്രീയത്തിൽ ഇടംനേടിയെടുത്തതെന്ന അജന്തയുടെ സന്ദേശവും പുറത്തുവന്നു. ഇതിനെതിരേ സാമൂഹികമാധ്യമങ്ങളിൽ ഇടത് അനുകൂലികൾ രൂക്ഷമായി പ്രതിഷേധിച്ചിരുന്നു.

സ്ത്രീശാക്തീകരണത്തെപ്പറ്റി പല ലേഖനങ്ങളും താൻ എഴുതിയിട്ടുണ്ടെന്നും അത് പല മാധ്യമങ്ങളിലും വന്നിട്ടുണ്ടെന്നും തൃണമൂൽ മുഖപത്രം അത്തരത്തിലൊരെണ്ണം എടുത്തു ചേർത്തതാണെന്നുമാണ് അജന്ത നൽകിയിട്ടുള്ള വിശദീകരണം.

content highlights: cpm about to take disciplinary action against anil biswas's daughter ajanta biswas