ഹൈദരാബാദ്: ബി.ജെ.പി.യെ ചെറുക്കാനുള്ള വിശാല രാഷ്ട്രീയചേരിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെച്ചൊല്ലിയുള്ള സി.പി.എമ്മിലെ തര്‍ക്കത്തില്‍ രണ്ടുവാദങ്ങളും ബുധനാഴ്ച ഹൈദരാബാദില്‍ തുടങ്ങുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും.

കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം മുന്‍ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടും തള്ളിയ ന്യൂനപക്ഷ നിലപാട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് അവതരിപ്പിക്കുക. ചൊവ്വാഴ്ചചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

സാധാരണനിലയില്‍ ജനറല്‍ സെക്രട്ടറിയാണ് കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം അവതരിപ്പിക്കാറ്. എന്നാല്‍, ഇത്തവണ മുന്‍ ജനറല്‍സെക്രട്ടറിയാണ് അവതരിപ്പിക്കുന്നത് എന്നതാണ് സവിശേഷത. കേന്ദ്രകമ്മിറ്റി തള്ളിയ റിപ്പോര്‍ട്ട് കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കിയതും സംഘടനയിലെ അസാധാരണ നടപടിയാണ്.

കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയംമാത്രമേ അവതരിപ്പിക്കേണ്ടതുള്ളൂ എന്നായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍, ബംഗാളിനുപുറമേ മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള ഒട്ടേറെ കേന്ദ്രകമ്മിറ്റിയംഗങ്ങളുംകൂടി ശക്തമായി ആവശ്യപ്പെട്ടതോടെയാണ് തീരുമാനം മാറ്റിയത്. ഇതോടെ, ഭേദഗതികള്‍ക്കുപകരം സ്വന്തം നിലപാട് അവതരിപ്പിക്കാന്‍ യെച്ചൂരിപക്ഷത്തിന് ഒരവസരംകൂടി ലഭിക്കും. കരട് രാഷ്ട്രീയപ്രമേയത്തെച്ചൊല്ലി പാര്‍ട്ടി രണ്ടുചേരിയിലായിരിക്കെ, കൂടുതല്‍ ഭിന്നതയൊഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന.

ബി.ജെ.പി.യെ മുഖ്യശത്രുവായിക്കണ്ട് അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍ മതേതര-ജനാധിപത്യശക്തികളെ ഒന്നിപ്പിക്കുമ്പോള്‍ത്തന്നെ, കോണ്‍ഗ്രസുമായി ധാരണയോ തിരഞ്ഞെടുപ്പുസഖ്യമോ ഉണ്ടാക്കാതെ അത് സാധിക്കണമെന്നാണ് കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരടുരേഖ.

അതേസമയം, 17-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച സമീപനം നടപ്പാക്കണമെന്നാണ് യെച്ചൂരിയുടെ വാദം. ബി.ജെ.പി.യെയും കോണ്‍ഗ്രസിനെയും തുല്യ അകലത്തില്‍ കാണാതെ, ബി.ജെ.പി.യെയും സഖ്യകക്ഷികളെയും തോല്‍പ്പിക്കാനുള്ള ലക്ഷ്യം നിറവേറ്റണമെന്നാണ് അന്ന് തീരുമാനിച്ചത്. 2004-ല്‍ ഒന്നാം യു.പി.എ. സര്‍ക്കാരിനെ സി.പി.എം. പുറത്തുനിന്ന് പിന്തുണച്ചത് ഈ നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

രാഷ്ട്രീയപ്രമേയത്തിന് ഇതിനോടകം എണ്ണായിരത്തോളം ഭേദഗതികള്‍ കേന്ദ്രകമ്മിറ്റിക്കുമുമ്പാകെ വന്നിട്ടുണ്ട്. കോണ്‍ഗ്രസുമായി സഹകരണമെന്ന യെച്ചൂരി നിലപാടിനെ പിന്തുണയ്ക്കുന്ന തരത്തിലാണ് ഭേദഗതികളിലേറെയും. കൂടുതലും ബംഗാളില്‍നിന്നാണ്.

ബംഗാള്‍ഘടകം സംസ്ഥാനത്തിന്റേതായ ഭേദഗതി അവതരിപ്പിക്കാന്‍ ആവശ്യമുന്നയിച്ചാല്‍ അത് വോട്ടിനിടേണ്ട സാഹചര്യമുണ്ടാവും. ഭേദഗതി സ്വീകരിക്കുകയോ തള്ളുകയോ ചെയ്താലും അത് പാര്‍ട്ടിയില്‍ ചേരിതിരിവിലേക്കുനയിക്കും. കേരളഘടകം ശക്തമായി എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇതിനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.