കൊല്‍ക്കത്ത: ബി.ജെ.പി.ക്കും തൃണമൂലിനുമെതിരേ ഇടത്-മതേതര ജനാധിപത്യ കക്ഷികളുടെ സംയുക്ത ഐക്യനിര സംഘടിപ്പിച്ച് പോരാട്ടം ശക്തമാക്കാനുള്ള ആഹ്വാനത്തോടെ സി.പി.എമ്മിന്റെ 25-ാമത് ബംഗാള്‍ സംസ്ഥാനസമ്മേളനം സമാപിച്ചു. ഡോ. സൂര്യകാന്ത് മിശ്രയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു.

തൃണമൂലും ബി.ജെ.പി.യും രണ്ടുകക്ഷികളല്ലെന്നും ഫലത്തില്‍ ഒന്നാണെന്നും സമ്മേളനത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മിശ്ര പറഞ്ഞു. 'ഇരുതലമൂരിയെന്നുപറയപ്പെടുന്ന ജീവിയാണിത്. നാലുരീതിയിലാണ് ഇതിനെ ചെറുക്കാന്‍ ഉദ്ദേശിക്കുന്നത്. സി.പി.എമ്മിന്റെ സ്വന്തം ശക്തി വളര്‍ത്തുക, ഇടതുമുന്നണിയുടെ ശക്തികൂട്ടുക, ഇടത് സഹയാത്രികരെ ഒപ്പംനിര്‍ത്തുക, ഇരുകക്ഷികള്‍ക്കുമെതിരേ നിലപാടെടുക്കുന്ന മതേതര-ജനാധിപത്യ കക്ഷികളെ ഒപ്പംനിര്‍ത്തുക.'

ഈ ഐക്യനിര തിരഞ്ഞെടുപ്പ് സഖ്യമായി മാറുമോ എന്ന ചോദ്യത്തിന് ഇത് മുന്നണിയല്ലെന്നും പ്രക്ഷോഭങ്ങള്‍ക്കായുള്ള വേദിയാണെന്നും മിശ്ര പറഞ്ഞു. തിരഞ്ഞെടുപ്പ് സംബന്ധിച്ച നയങ്ങള്‍ കാലേകൂട്ടി പറയാനാവില്ല. ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് ജനാധിപത്യം വെല്ലുവിളിനേരിടുന്നത്. അസാധാരണമായ അവസ്ഥകളെ ചെറുക്കാന്‍ അതിനനുസരിച്ചുള്ള നടപടികള്‍ വേണ്ടിവരും.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളെ നിര്‍ത്തും. തൃണമൂല്‍ ഭീകരത പോലുള്ള ഭീഷണികളെത്തുടര്‍ന്ന് ഏതെങ്കിലും സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കഴിയാതിരുന്നാല്‍ അവിടെ തൃണമൂലിനെയും ബി.ജെ.പി.യെയും തോല്‍പ്പിക്കാന്‍ കരുത്തുള്ള സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കും. കീഴ്ഘടകങ്ങളുടെ അഭിപ്രായം പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

79 അംഗ സംസ്ഥാനസമിതിയെയും സമ്മേളനം തിരഞ്ഞെടുത്തു. ഇതില്‍ 17 പേര്‍ പുതുമുഖങ്ങളാണ്. നിലവിലെ കമ്മിറ്റിയില്‍നിന്ന് 75 വയസ്സുകഴിഞ്ഞ 20 പേരെ ഒഴിവാക്കി. ഇതില്‍ മദന്‍ ഘോഷ്, ശ്യാമള്‍ ചകവര്‍ത്തി, ബസുദേബ് ആചാര്യ, കാന്തി ഗാംഗ്ലലി, ദീപക് സര്‍ക്കാര്‍, അസിം ദാസ് ഗുപ്ത, നിരുപം സെന്‍ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി നിലനിര്‍ത്തി. ബുദ്ധദേവ് ഭട്ടാചാര്യ പ്രത്യേക ക്ഷണിതാവായി തുടരും. ബിമന്‍ ബോസിന് മാത്രമാണ് പ്രായപരിധിയില്‍ ഇളവനുവദിച്ചത്. നിരഞ്ജന്‍ ചാറ്റര്‍ജിയാണ് കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍. പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് 175 പ്രതിനിധികളെയും തിരഞ്ഞെടുത്തു.