ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ബന്ധത്തെച്ചൊല്ലി സി.പി.എം. പൊളിറ്റ് ബ്യൂറോയില്‍ വീണ്ടും ഭിന്നത. ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ. സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പോലുള്ള മതനിരപേക്ഷ പാര്‍ട്ടികളുമായി ധാരണയിലെത്തുന്നത് സംബന്ധിച്ച കരട് രാഷ്ട്രീയപ്രമേയത്തില്‍ തീരുമാനമാവാതെ യോഗം അവസാനിച്ചു. രാഷ്ട്രീയചേരി ഏതുവിധത്തില്‍ വേണമെന്ന് അടുത്ത കേന്ദ്രക്കമ്മിറ്റി തീരുമാനിക്കും.

രണ്ടു ദിവസം നീണ്ടുനിന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും അവതരിപ്പിച്ച രേഖകളാണ് ചര്‍ച്ച ചെയ്തത്. ഇതില്‍ തീരുമാനമാകാഞ്ഞതിനാലാണ് കേന്ദ്രക്കമ്മിറ്റിക്ക് വിട്ടത്. യെച്ചൂരിയുടെ നിലപാടിന് പൊളിറ്റ് ബ്യൂറോയില്‍ ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ല. കോണ്‍ഗ്രസിന്റെ പേര് എടുത്തുപറയാതെയാണ് യെച്ചൂരിയുടെ രേഖയെന്നറിയുന്നു. കാരാട്ട് പക്ഷത്ത് ഒന്‍പതു പേരും യെച്ചൂരിക്കൊപ്പം ആറു പേരുമാണുണ്ടായിരുന്നത്. കേരളഘടകം കാരാട്ടിനൊപ്പവും ബംഗാള്‍ഘടകം യെച്ചൂരിക്കൊപ്പവുമാണ്.

പാര്‍ട്ടിയിലെ പ്രതിസന്ധി ഇങ്ങനെ:

യെച്ചൂരിയുടെ വാദം:വര്‍ഗീയതയും നവ ഉദാരീകരണനയവും ഒരുപോലെ നടപ്പാക്കുന്ന ബി.ജെ.പിയെ അധികാരത്തില്‍നിന്നു താഴെയിറക്കല്‍ പ്രഥമദൗത്യമായിക്കണ്ട് അനുയോജ്യമായ തിരഞ്ഞെടുപ്പു തന്ത്രം വേണം. അതിനായി, മതേതര-ജനാധിപത്യ പാര്‍ട്ടികളുടെ വിശാല രാഷ്ട്രീയചേരി രൂപവത്കരിക്കണം. ഇതു മുന്നണിയോ സഖ്യമോ അല്ല. കോണ്‍ഗ്രസ് അടക്കമുള്ള ബൂര്‍ഷ്വാപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ല. ബി.ജെ.പിക്കെതിരേ സാധ്യമായ പ്രാദേശികസഖ്യങ്ങള്‍ക്കുള്ള വാതിലടച്ചു കൂടാ.

കാരാട്ടിന്റെ വാദം:

ബി.ജെ.പിക്കെതിരേ മതേതര-ജനാധിപത്യചേരിയുണ്ടാക്കുമ്പോള്‍ കോണ്‍ഗ്രസ്സുമായി യാതൊരു സഹകരണവും പാടില്ല. പ്രാദേശികമായ സഖ്യങ്ങള്‍ രൂപവത്കരിക്കുമ്പോഴും കോണ്‍ഗ്രസ്സുമായി സഹകരണമോ ധാരണയോ പാടില്ല.

പ്രായോഗികപ്രശ്‌നം:

തമിഴ്‌നാട്ടിലെ ആര്‍.കെ. നഗറില്‍ ഇതിനോടകംതന്നെ സി.പി.എം. ഡി.എം.കെയ്ക്കു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. അവിടെ കോണ്‍ഗ്രസ്സുമായി സഖ്യമുള്ള പാര്‍ട്ടിയാണ് ഡി.എം.കെ. കോണ്‍ഗ്രസ്സുമായി സഹകരണം പാടില്ലെന്നു പറയുമ്പോള്‍ തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി. വിരുദ്ധസഖ്യം പ്രായോഗികമാവില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നതിനെയും ബിഹാറില്‍ ആര്‍.ജെ.ഡി.യുമായി സഹകരിക്കുന്നതിനെയുമൊക്കെ ബാധിക്കും.

മാറേണ്ട അടവുനയം:

കോണ്‍ഗ്രസ്സുമായി യാതൊരു രാഷ്ട്രീയധാരണയും പാടില്ലെന്നാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ച അടവുനയത്തിലെ പരാമര്‍ശം. ബി.ജെ.പിക്കെതിരെയുള്ള രാഷ്ട്രീയചേരി സാധ്യമാക്കാന്‍ ഈ വ്യവസ്ഥ മാറ്റണമെന്ന് യെച്ചൂരി. എന്നാല്‍, കോണ്‍ഗ്രസ്സുമായി രാഷ്ട്രീയധാരണ പാടില്ലെന്ന വ്യവസ്ഥ നിലനിര്‍ത്തണമെന്ന് കാരാട്ട് പക്ഷം.

കേന്ദ്രക്കമ്മിറ്റി ജനുവരിയില്‍

കൊല്‍ക്കത്തയില്‍ ജനുവരി 19-21 തീയതികളില്‍ നടക്കുന്ന കേന്ദ്രക്കമ്മിറ്റിയില്‍ പ്രമേയം ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി. കേന്ദ്രക്കമ്മിറ്റി യോഗം രണ്ടു രേഖകളും പരിഗണിച്ചു തീരുമാനമെടുക്കും. നേതൃതലത്തില്‍ നിലവിലുള്ള തര്‍ക്കത്തില്‍ സമവായമുണ്ടാക്കാനുള്ള ശ്രമം തുടരാനാണ് ഇരുപക്ഷത്തെയും ധാരണ.

ചരിത്രം ഇങ്ങനെ

ബി.ജെ.പി.യെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്നു സി.പി.എം. കൈക്കൊണ്ട പ്രായോഗികതന്ത്രം 2003-ലായിരുന്നു. 2004-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വീണ്ടും അധികാരത്തില്‍ വരുന്നതു തടയാനായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാരിനെ പിന്തുണയ്ക്കാനായിരുന്നു കേന്ദ്രക്കമ്മിറ്റി സ്വീകരിച്ച അടവുനയം. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തായിരുന്നു ജനറല്‍ സെക്രട്ടറി.

പിന്നീട്, 2008 ല്‍ അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരില്‍ സി.പി.എം. യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. അന്നു ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടായിരുന്നു.

2016 ല്‍ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ്സുമായി സി.പി.എം. തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കി. അതു പ്രതീക്ഷിച്ച ഫലമുണ്ടാക്കിയില്ല. തുടര്‍ന്ന്, വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊണ്ട അടവുനയത്തിനു വിധേയമായിട്ടല്ല പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് ബന്ധമെന്ന് കേന്ദ്രക്കമ്മിറ്റി തിരുത്തി.