ന്യൂഡൽഹി: അമേരിക്കൻ സർക്കാർ പുറത്തിറക്കിയ ലോകത്തെ ഏറ്റവും അപകടകാരികളായ ഭീകരസംഘടനകളുടെ പട്ടികയിൽ ആറാംസ്ഥാനത്ത് സി.പി.ഐ. മാവോയിസ്റ്റ്.

ഭീകരവാദം ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ നാലാംസ്ഥാനത്താണ് ഇന്ത്യ. 2018-ൽ ഇന്ത്യയിൽ നടന്ന 57 ശതമാനം ഭീകരാക്രമണവും ജമ്മുകശ്മീരിലായിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ‘കൺട്രി റിപ്പോർട്ട് ഓൺ ടെററിസം-2018’ എന്ന പേരിലുള്ള യു.എസ്. വിദേശകാര്യവകുപ്പിന്റെ റിപ്പോർട്ട് വെള്ളിയാഴ്ചയാണു പുറത്തുവിട്ടത്.

അതേസമയം, ഇന്ത്യൻ സർക്കാരിന്റെ കണക്കുമായി വ്യത്യാസമുള്ളതാണ് യു.എസ്. റിപ്പോർട്ടിലെ കണക്ക്. സി.പി.ഐ. മാവോയിസ്റ്റ് കഴിഞ്ഞവർഷംമാത്രം 177 ആക്രമണങ്ങളിലായി 311 പേരെ കൊലപ്പെടുത്തിയെന്നാണ് അമേരിക്കയുടെ കണക്ക്. എന്നാൽ, 833 ആക്രമണങ്ങളിലായി 240 പേർ മരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കിൽ പറയുന്നു. ഈ പൊരുത്തക്കേടിനെക്കുറിച്ചുള്ള ദേശീയമാധ്യമത്തിന്റെ ചോദ്യത്തോടു പ്രതികരിക്കാൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ തയ്യാറായില്ല.

രഹസ്യാന്വേഷണ സംവിധാനങ്ങളിലും വിവരക്കൈമാറ്റത്തിലുമുള്ള കാര്യക്ഷമതയില്ലായ്മയാണ് ഭീകരവാദത്തെ നേരിടുന്നതിൽ ഇന്ത്യയെ പിന്നോട്ടടിക്കുന്നതെന്ന് റിപ്പോർട്ട് നിരീക്ഷിച്ചു. ഭീകരവാദത്തെ നേരിടുന്നതിനായി പ്രവർത്തിക്കുന്ന ദേശീയ സുരക്ഷാസേന (എൻ.എസ്.ജി.)യുടെ പ്രവർത്തനം അംഗസംഖ്യ കുറവായതിനാൽ പരിമിതമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

താലിബാൻ (അഫ്ഗാനിസ്താൻ), ഇസ്‌ലാമിക് സ്റ്റേറ്റ്, അൽ ഷബാബ് (ആഫ്രിക്ക), ബോക്കോ ഹറം (ആഫ്രിക്ക), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫിലിപ്പീൻസ് തുടങ്ങിയവ സംഘടനകളാണ് പട്ടികയുടെ ആദ്യ സ്ഥാനങ്ങളിൽ. ലോകത്ത് ഭീകരവാദം ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിൽ അഫ്ഗാനിസ്താൻ, സിറിയ, ഇറാഖ് എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.

റിപ്പോർട്ടിലെ മറ്റ് പ്രധാന വിവരങ്ങൾ

* ഇന്ത്യയിലെ 28 സംസ്ഥാനങ്ങളെയും ഭീകരവാദം ബാധിച്ചിരിക്കുന്നു

* 2018-ൽ ആകെ 671 ഭീകരാക്രമണങ്ങൾ, 971 പേർ കൊല്ലപ്പെട്ടു

* ഭീകരാക്രമണങ്ങളിൽ 26 ശതമാനവും നടത്തിയത് സി.പി.ഐ. മാവോയിസ്റ്റ്. തൊട്ടുപിന്നിൽ ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ, ലഷ്കറെ തൊയ്ബ എന്നീ ഭീകരസംഘടനകൾ. 37 ശതമാനം ആക്രമണങ്ങൾ ഭീകരസംഘടനകളുമായി ബന്ധമില്ലാത്തവ.

* ഭീകരാക്രമണങ്ങൾ ഏറ്റവും കൂടുതൽ ജമ്മുകശ്മീരിൽ, രണ്ടാം സ്ഥാനത്ത് ഛത്തീസ്ഗഢ്

* യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം, നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്, ഐ.എസ്. ജമ്മുകശ്മീർ എന്നീ ഭീകരസംഘടനകളും ഇന്ത്യയിൽ സജീവം.

US Report: CPI (Maoist) 6th deadliest terror outfit in world