ന്യൂഡൽഹി: പൗരത്വനിയമഭേദഗതിയെ സി.പി.എം. അനുകൂലിച്ചിരുന്നെന്ന ബി.ജെ.പി. പ്രചാരണത്തിനു മറുപടിയുമായി പൊളിറ്റ് ബ്യൂറോ. മുസ്‍ലിം അഭയാർഥികൾക്ക് പൗരത്വം നൽകരുതെന്ന് ഒരുകാലത്തും വാദിച്ചിട്ടില്ലെന്നും കാര്യങ്ങൾ വളച്ചൊടിച്ച് ബി.ജെ.പി. വ്യാജപ്രചാരണം നടത്തുകയാണെന്നും പി.ബി. പറഞ്ഞു.

2012 മേയ് 22-ന് അന്നത്തെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനയച്ച കത്ത് ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി.യുടെ പ്രചാരണം. ബംഗ്ലാദേശിൽനിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിൽ ഉദാരസമീപനം പുലർത്തണമെന്നാണ് കത്തിൽ കാരാട്ട് ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യമുയർന്നപ്പോൾ ന്യൂനപക്ഷങ്ങൾക്കു നൽകണമെന്നതിനർഥം ഭൂരിപക്ഷത്തിനു നൽകേണ്ട എന്നല്ലെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. മതാടിസ്ഥാനത്തിൽ പൗരത്വം നൽകരുതെന്നാണ് പാർട്ടിയുടെ നിലപാടെന്നും കാരാട്ടിനെ പ്രതിരോധിച്ച് യെച്ചൂരി ആവർത്തിച്ചു. എന്നാൽ, കത്ത് ഉയർത്തിക്കാട്ടി ടെലിവിഷൻ ചർച്ചകളിലും സാമൂഹികമാധ്യമങ്ങളിലും ബി.ജെ.പി. പ്രചാരണം നടത്തുന്ന പശ്ചാത്തലത്തിലാണ് പി.ബി. പ്രത്യേകം വിശദീകരണമിറക്കിയത്.

കിഴക്കൻ പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള ന്യൂനപക്ഷ അഭയാർഥികൾക്ക് പൗരത്വം നൽകണമെന്ന് സി.പി.എം. ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുസ്‍ലിങ്ങളെ ഒഴിവാക്കി മതാടിസ്ഥാനത്തിൽ പൗരത്വം വ്യവസ്ഥചെയ്യുന്നതാണ് കേന്ദ്രം പാസാക്കിയ പൗരത്വ നിയമഭേദഗതി. മുസ്‍ലിങ്ങളെ ഒഴിവാക്കണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല -പി.ബി. വിശദീകരണക്കുറിപ്പിൽ പറയുന്നു.

Content Highlights: CPM says BJP misleading Karats letter and statement