ന്യൂഡല്‍ഹി: ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി.) പദ്ധതിയില്‍ പങ്കാളിയാകാനില്ലെന്നും പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പുണ്ടെന്നും ഇന്ത്യ. ചൈനയുടെ സംരംഭമായ സി.പി.ഇ.സി. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലൂടെയാണ് കടന്നുപോവുകയെന്നും ഇതിലുള്ള എതിര്‍പ്പ് ഇരുരാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യവക്താവ് വികാസ് സ്വരൂപ് മാധ്യമങ്ങളോട് പറഞ്ഞു.

പാക് സൈന്യത്തിന്റെ ദക്ഷിണവിഭാഗം മേധാവി ലെഫ്റ്റനന്റ് ജനറല്‍ റിയാസ് കഴിഞ്ഞദിവസം ഇന്ത്യ വിദ്വേഷം അവസാനിപ്പിക്കണമെന്നും സാമ്പത്തികനേട്ടത്തിനായി പദ്ധതിയുടെ പങ്കാളിയാകണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈനീസ് ഗ്ലോബല്‍ ടൈംസ് പത്രം ഇന്ത്യയോട് പാകിസ്താന്റെ സമാധാനഹസ്തം സ്വീകരിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായാണ് വികാസ് സ്വരൂപ് ഇന്ത്യയുടെ നിലപാടറിയിച്ചത്.