മുംബൈ: കാലികളെ കൊണ്ടുപോവുകയായിരുന്ന വാഹനം പിന്തുടര്‍ന്ന് തടഞ്ഞിട്ട 'ഗോരക്ഷകരെ' ജനക്കൂട്ടം തല്ലിച്ചതച്ചു. പശുക്കളെ രക്ഷിക്കാനെന്ന പേരില്‍ നാടെങ്ങും അതിക്രമങ്ങള്‍ നടക്കുന്ന വാര്‍ത്തകള്‍ക്കിടെ, മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് ഗോരക്ഷകര്‍ക്ക് നാട്ടുകാരുടെ പ്രത്യാക്രമണം നേരിടേണ്ടിവന്നത്.

അഹമ്മദ് നഗറിലെ കശ്ത്തി ഗ്രാമത്തില്‍ ശനിയാഴ്ചത്തെ കാലിച്ചന്തയിലേക്ക് കന്നുകാലികളെയും കയറ്റിപ്പോവുകയായിരുന്ന ടെമ്പോ വാന്‍ ഒരു സംഘമാളുകള്‍ പിന്തുടര്‍ന്നതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. കശ്ത്തിയിലെ അനധികൃത അറവുശാലകളിലേക്ക് കശാപ്പിനായി പശുക്കളെ കൊണ്ടുപോകുന്നുണ്ടെന്ന വിവരമറിഞ്ഞാണ് തങ്ങളെത്തിയതെന്ന് സംഘത്തലവനും പുണെ ആസ്ഥാനമായുള്ള അഖില ഭാരതീയ കൃഷി ഗോ സേവാസംഘിന്റെ നേതാവുമായ ശിവശങ്കര്‍ രാജേന്ദ്ര സ്വാമി പറഞ്ഞു.

ശ്രീഗൊണ്ടാ പോലീസ് സ്റ്റേഷനുസമീപം വണ്ടി തടഞ്ഞിട്ടശേഷം 'ഗോരക്ഷകര്‍' സ്റ്റേഷനില്‍പ്പോയി പരാതിനല്‍കി. ഇവര്‍ സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങിയ ഉടനെയാണ് അമ്പതോളം വരുന്ന നാട്ടുകാര്‍ സംഘടിച്ച് ആക്രമണമഴിച്ചുവിട്ടത്. നാട്ടുകാരുടെ മര്‍ദനമേറ്റ് ഏഴ് ഗോരക്ഷകര്‍ക്ക് പരിക്കേറ്റതായി അഹമ്മദ് നഗര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സുദര്‍ശന്‍ മുണ്ടേ പറഞ്ഞു. അക്രമത്തിന് നേതൃത്വം നല്‍കിയ 30 പേര്‍ക്കുനേരേ കേസെടുത്തിട്ടുണ്ട്.

വണ്ടിയിലുണ്ടായിരുന്ന രണ്ട് പശുക്കളെയും 10 കാളകളെയും പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ഉടമ വഹീദ് ശൈഖിനും ഡ്രൈവര്‍ രാജ ഫത്രുഭായിയക്കുമെതിരേ മഹാരാഷ്ട്രയിലെ പശുസംരക്ഷണ നിയമപ്രകാരവും അക്രമം നടത്തിയതിന്റെ പേരിലും കേസെടുത്തിട്ടുണ്ട്.