ന്യൂഡല്‍ഹി: പശുവിന്റെ പേരിലും മറ്റും ആള്‍ക്കൂട്ടത്തിന്റെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം. പ്രതിനിധിസംഘവും ആക്രമണത്തിന് ഇരകളായവരുടെ ബന്ധുക്കളും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ടു. ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെയും ഹരിയാണ സ്വദേശി പെഹ് ലുഖാന്റെയും മക്കളാണ് കേന്ദ്രമന്ത്രിയെ കണ്ടത്.
 
ആക്രമണത്തിന് ഇരകളാവുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ടെങ്കിലും അതു സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമാണെന്നാണ് മറുപടി ലഭിച്ചതെന്ന് സി.പി.എം. നേതാക്കള്‍ പറഞ്ഞു. പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തിലായിരുന്നു പ്രതിനിധിസംഘം.

ഡല്‍ഹി-മഥുര ട്രെയിനില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റു മരിച്ച ഹരിയാണ ബല്ലഭ്ഗഢ് സ്വദേശി ജുനൈദിന് നീതി ആവശ്യപ്പെട്ട് സി.പി.എം. ജന്ദര്‍മന്തറില്‍ ധര്‍ണ നടത്തി. ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുന്ന ബി.ജെ.പി-ആര്‍.എസ്.എസ്. സംയുക്തസംരംഭമാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരെന്ന് സമരം ഉദ്ഘാടനംചെയ്ത ബൃന്ദാ കാരാട്ട് ആരോപിച്ചു.
 
ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തെ അപലപിക്കുന്നതിനുപകരം അതുചെയ്തവരെ ന്യായീകരിക്കുകയാണ് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ ചെയ്തത്. ജനങ്ങളുടെ മനസ്സില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ആര്‍.എസ്.എസ്സിന്റെ ശ്രമമെന്നും ബൃന്ദ കുറ്റപ്പെടുത്തി. കര്‍ഷകരുടെ ജീവിതം തകര്‍ക്കുന്നതാണ് അടുത്തിടെയുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമെന്ന് പൊളിറ്റ്ബ്യൂറോ അംഗം ഹനന്‍മൊള്ളയും വിമര്‍ശിച്ചു.

ഗാസിയാബാദിലെയും നോയ്ഡയിലെയും ഇറച്ചിക്കച്ചവടക്കാരും ധര്‍ണയില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. സി.പി.എം. ഡല്‍ഹി സംസ്ഥാന സെക്രട്ടറി കെ.എം. തിവാരി, മറ്റു നേതാക്കളായ നാഥു പ്രസാദ്, സുരീന്ദര്‍ മാലിക്, ഇന്ദര്‍ജിത് സിങ്, സേബ ഫാറൂഖി തുടങ്ങിയവരും സംസാരിച്ചു.