ന്യൂഡൽഹി: അടുത്തഘട്ടം കോവിഡ് വാക്സിൻ കുത്തിവെപ്പ് മാർച്ച് ഒന്നിന് തുടങ്ങും. 60 വയസ്സ് കഴിഞ്ഞവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45-ന് മുകളിൽ പ്രായമുള്ളവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുക. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പ് സൗകര്യമുണ്ടാവും. സ്വകാര്യ ക്ലിനിക്കുകളിൽ കുത്തിവെപ്പിന് പണം നൽകണം.

വാക്സിൻ നിർമാതാക്കളുമായും ആശുപത്രികളുമായും ചർച്ചചെയ്തശേഷം തുക മൂന്നോ നാലോ ദിവസത്തിനകം നിശ്ചയിക്കുമെന്ന് മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് അടുത്തഘട്ടം വാക്സിന് അനുമതി നൽകിയത്. 10,000 സർക്കാർ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ ആശുപത്രികളിലുമായിട്ടായിരിക്കും രണ്ടാംഘട്ട വാക്സിനേഷൻ തുടങ്ങുക.

അറുപത് വയസ്സിനു മുകളിലുള്ള എല്ലാവർക്കും (മറ്റ് രോഗങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും) വാക്സിൻ ലഭിക്കും. 45-ന് മുകളിലുള്ളവരുടെ കാര്യത്തിൽ വാക്സിൻ ലഭിക്കാൻ ഏതൊക്കെ രോഗങ്ങളാണ് ‘കോമോബിഡിറ്റി’ (മറ്റ് അസുഖങ്ങളുള്ള) വിഭാഗത്തിൽപ്പെടുകയെന്ന് ആരോഗ്യവകുപ്പ് പിന്നീട് വിശദീകരിക്കും. 60 വയസ്സ് കഴിഞ്ഞവർ 10 കോടിയിലധികം വരുമെന്ന് മന്ത്രി ജാവഡേക്കർ പറഞ്ഞു.

ജനുവരി 16-നാണ് രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പ് തുടങ്ങിയത്. ഇതുവരെ 1,07,67,000 പേർ ആദ്യഡോസും 14 ലക്ഷംപേർ രണ്ടാമത്തെ ഡോസും കുത്തിവെച്ചു. ഒന്നാംഘട്ടത്തിൽ മൂന്നുകോടി പേർക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

Content Highlights: Covid vaccines for those above 60 and over 45 with comorbidities from March one