പുണെ: ഓക്സ്ഫഡ് കോവിഡ് വാക്സിൻ ഏപ്രിൽ തൊട്ട് ഒരു വർഷത്തിനകം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ലഭ്യമാക്കാൻ സാധിക്കുമെന്ന് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പുനാവാല പറഞ്ഞു. മുതിർന്ന പൗരന്മാർക്കും ആരോഗ്യ പ്രവർത്തകർക്കും അടുത്ത ഫെബ്രുവരിയോടെ ഇത് ലഭിക്കും. പ്രതിരോധ കുത്തിവെപ്പിന് ആവശ്യമായ രണ്ടു ഡോസുകൾക്ക് പരമാവധി 1000 രൂപ വിലവരും. വാക്സിൻ എടുക്കാനുള്ള ജനങ്ങളുടെ താത്‌പര്യം, അതിനുള്ള ബജറ്റ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് 2024- നു മുൻപ് ഇന്ത്യയിൽ പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

വാക്സിൻ വൻതോതിൽ വാങ്ങുന്ന സാഹചര്യത്തിൽ സർക്കാരിനു കുറഞ്ഞ വിലയ്ക്ക് നൽകാനാകുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

‘‘ഒരു ഡോസിന് 5 - 6 യു.എസ്. ഡോളർ വില വരും. അതു പ്രകാരം ഒരാൾക്ക് ആവശ്യമായ രണ്ടു ഡോസിന് 1000 രൂപയോളം ചെലവാകും. കുട്ടികളിൽ ഇതു പ്രതികൂലമാവില്ലെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ കുത്തിവെപ്പ് നടത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പ്രായമായവരിൽ ഓക്സ്ഫഡ് വാക്സിൻ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതുവരെ നടന്ന പരീക്ഷണങ്ങളിൽ പ്രതികൂല ഘടകങ്ങളോ മറ്റു വലിയ പരാതികളോ ഉണ്ടായിട്ടില്ല. ഇന്ത്യയിൽ നടത്തിയ അന്തിമഘട്ട പരീക്ഷണങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള റിപ്പോർട്ട് ഒരു മാസത്തിനകം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.