ന്യൂഡൽഹി: കോവിഡ് പ്രതിരോധിക്കാൻ അടിയന്തര ഉപയോഗത്തിന് അനുമതിനൽകിയ രണ്ടുവാക്സിനുകളിൽ ഏതു സ്വീകരിക്കണമെന്ന് സ്വീകർത്താവിന് തത്കാലം തിരഞ്ഞെടുക്കാനാവില്ല. ലോകത്തെ വിവിധ സ്ഥലങ്ങളിൽ ഒന്നിലധികം വാക്സിനുകൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടെന്നും അവിടെയൊന്നും സ്വീകർത്താവിന് വാക്സിൻ തിരഞ്ഞെടുക്കാൻ അനുമതിയില്ലെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തെ വാക്സിനേഷൻ സ്റ്റോറുകളിൽ ചൊവ്വാഴ്ചവരെ 54,72,000 ഡോസ് വാക്സിനെത്തിയിട്ടുണ്ട്. കുത്തിവെപ്പിനാവശ്യമായ വാക്സിനത്രയും വ്യാഴാഴ്ചതന്നെ എല്ലായിടത്തും എത്തുമെന്നും ആരോഗ്യസെക്രട്ടറി പറഞ്ഞു.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്ന് ഡോസിന് 200 രൂപ നിരക്കിൽ 1.1 കോടി കോവിഷീൽഡ് വാക്സിനാണ് വാങ്ങുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിൽനിന്ന് 55 ലക്ഷം ഡോസ് കോവാക്സിനും വാങ്ങുന്നുണ്ട്. ഇതിൽ 38.5 ലക്ഷം വാക്സിന് ഡോസ് ഒന്നിന് 295 രൂപവീതം നൽകണം. ബാക്കി 16.5 ലക്ഷം ഡോസ് കേന്ദ്രസർക്കാരിന് കമ്പനി സൗജന്യമായി നൽകും. അതിനുശേഷം ഡോസ് ഒന്നിന് 206 രൂപവെച്ച് കോവാക്സിൻ ലഭിക്കും.